ബംഗളൂരു: കർണാടകയിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എം.ജി.എൻ.ആർ.ഇ.ജി.എ) ഔട്ട്സോഴ്സ് ജീവനക്കാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. 27 ദുരന്ത നിവാരണ ഉദ്യോഗസ്ഥർ, 27 ജില്ല അക്കൗണ്ട് മാനേജർമാർ, 202 ടെക്നിക്കൽ കോഓഡിനേറ്റർമാർ, മറ്റുള്ളവർ എന്നിവരുൾപ്പെടെ 3657 ഔട്ട്സോഴ്സ് ജീവനക്കാർ സംസ്ഥാനത്ത് ഈ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ജൂലൈ മുതൽ ഈ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല. 10 മാസമായി യാത്ര, ക്ഷാമബത്തകളും കുടിശ്ശികയാണ്. ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനാലാണ് പേമെന്റുകൾ വൈകുന്നതെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.
10,000 രൂപ മുതൽ 45,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാർ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് വർധിച്ചുവരുന്ന ആശങ്കകൾ പ്രകടിപ്പിച്ചു. ഗ്രാമത്തിലെത്തി ജോലി ചെയ്യാൻ ബസ് ചാർജ് അടക്കാൻ പണമില്ലാത്ത അവസ്ഥയാണ്. കുട്ടികളുടെ സ്കൂൾ ഫീസും കുടുംബത്തിന്റെ അടിസ്ഥാന ചെലവുകളും വഹിക്കാൻ പാടുപെടുന്നവരും ഏറെയാണ്.
വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക് കേന്ദ്ര നിലപാട് വെല്ലുവിളി -പ്രിയങ്ക് ഖാർഗെ
ബംഗളൂരു: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള ശ്രമങ്ങൾ, ജോലികളുടെ വൈവിധ്യവൽക്കരണം, ലളിതവൽക്കരിച്ച സാങ്കേതികവിദ്യ ഉപയോഗം എന്നിവ ആവശ്യമാണെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
എന്നാൽ യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമം 20 വർഷം പിന്നിടുമ്പോൾ നൂറുകണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. കർണാടകയിൽ ദുരിതബാധിത കുടിയേറ്റം തടയുന്നതിൽ ഇത് പ്രധാന പങ്ക് വഹിച്ചു.
കഴിഞ്ഞ വർഷം കർണാടക 47 ലക്ഷം ഗുണഭോക്താക്കൾക്കായി ഏകദേശം മൂന്ന് കോടി വ്യക്തിദിന തൊഴിൽ സൃഷ്ടിക്കുകയും 16.7 ലക്ഷം ജോലികൾ ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധ ഇല്ലായിരുന്നെങ്കിൽ ഈ കുടുംബങ്ങളിൽ പലരും എങ്ങോട്ടെങ്കിലും കുടിയേറാൻ നിർബന്ധിതരാകുമായിരുന്നു. ഗ്രാമങ്ങളിൽ വിലപ്പെട്ട ആസ്തികൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായിച്ചിട്ടുണ്ട്.
പല തരത്തിൽ, ജോലിക്കായുള്ള ആവശ്യം ഇപ്പോൾ നേരിട്ട് ഗ്രാമവാസികളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമാണ് വരുന്നതെന്നതിനാൽ വികേന്ദ്രീകൃത ഭരണം കൂടുതൽ ആഴത്തിലാക്കാൻ ഇത് സഹായിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പദ്ധതിയെ രാഷ്ട്രീയ കണ്ണിലൂടെയാണ് കാണുന്നത് എന്നത് നിർഭാഗ്യകരമാണ്. ഒരിക്കൽ ഇതിനെ "ഒരു വലിയ ദുരന്തം" എന്നും യുപിഎ സർക്കാരിന്റെ പരാജയത്തിന്റെ ഉദാഹരണം എന്നും വിശേഷിപ്പിച്ച ഒരു പ്രധാനമന്ത്രിയിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കമെന്നും ഖാർഗെ പറഞ്ഞു.
പദ്ധതിക്കുവേണ്ടി ജിയോ-ഫെൻസിങ്ങും നാഷനൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റവും ഏർപ്പെടുത്തിയത് അഴിമതി കുറക്കാൻ സഹായിച്ചു. കർണാടകയുടെ ചില ഭാഗങ്ങളിൽ ഗുണഭോക്താക്കൾ ലോഗിൻ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇരട്ടി ഹാജർ പോലുള്ള പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ സാങ്കേതികവിദ്യ അഴിമതി പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ല. ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ചില വ്യവസ്ഥകളും ഉത്തരവുകളും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉപയോഗം ലളിതമാക്കുന്നതിനും കർണാടക പ്രവർത്തിക്കുന്നുണ്ട്.
പദ്ധതി പ്രകാരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് പല വകുപ്പുകൾക്കും പ്രത്യേക ഫണ്ട് വിഹിതമില്ല. ഉദാഹരണത്തിന് ഒരു ഗ്രാമത്തിൽ ഒരു പി.എച്ച്.സി നിർമിക്കേണ്ടതുണ്ടെങ്കിൽ ആരോഗ്യ വകുപ്പ് അതിനായി എം.ജി.എൻ.ആർ.ഇ.ജി.എസിനെ ഉപയോഗിക്കുന്നില്ല. കൂടാതെ, ഒരു വകുപ്പിന് ഏറ്റെടുക്കാൻ കഴിയുന്ന ജോലികളുടെ തരങ്ങളിൽ കേന്ദ്ര സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ ഖരമാലിന്യ സംസ്കരണം, മലിനജല സംസ്കരണം എന്നിവ ഉൾപ്പെടുത്തുന്നതിനായി എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഇതിനായുള്ള കേന്ദ്രാനുമതി ലഭിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.