ബംഗളൂരു: റെയിൽവേ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ആര്.എല്‍.ഡി.എ) വസന്ത് നഗറിലെ ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് റെയിൽവേ കോളനിയിലെ 368 മരങ്ങള്‍ വികസന പദ്ധതിയുടെ ഭാഗമായി മുറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ ഓൺലൈൻ കാമ്പയിനുമായി രംഗത്തെത്തി.
100 വര്‍ഷം പഴക്കമുള്ള ആല് മരങ്ങളടക്കമാണ് മുറിച്ച് നീക്കുന്നതെന്നും വികസനത്തിന്റെ പേരിൽ ബംഗളൂരുവിന്റെ പച്ചപ്പ് നഷ്ടപ്പെടുത്തുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകരും സമീപ പ്രദേശത്തെ താമസക്കാരും പരാതി ഉന്നയിച്ചു.കന്റോണ്‍മെന്റ് റോഡിനും തിമ്മയ്യ റോഡിനുമിടയിലെ 8.16 ഏക്കര്‍ സ്ഥലത്താണ് നിർമാണം നടത്തുന്നത്. 60 വര്‍ഷത്തേക്ക് 236 കോടിക്ക് വാണിജ്യ പാട്ടത്തിന് എടുത്തതാണ് ഈ സ്ഥലം.
ഫ്ലാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും ഇവിടെ നിർമിക്കുമെന്നും ആര്.എല്‍.ഡി.എ പറഞ്ഞു. എതിര്‍പ്പുകളോ നിര്‍ദേശങ്ങളോ അറിയിക്കാന്‍ 10 ദിവസത്തെ പൊതു അറിയിപ്പ് ബൃഹത് ബംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.പി) പുറപ്പെടുവിച്ചിരുന്നു. മരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ബി.ബി.എം.പി വെബ്സൈറ്റില്‍ പരസ്യപ്പെടുത്തി. dcfbbmp12@gmail.com, rldabangalore2022@gmail.com എന്നീ മെയിലിലേക്ക് പരാതികള്‍ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.