ബി.എം.ടി.സി ബസ് സര്‍വിസ് ചന്നപട്ടണയിലേക്കും

ബംഗളൂരു: ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ(ബി.എം.ടി.സി) വജ്ര വിസ്താര എ.സി ബസ് ചന്നപട്ടണയിലേക്കും സർവിസ് ആരംഭിച്ചു. കോൺഗ്രസ് എം.എൽ.എ സി.പി. യോഗേശ്വർ, മുൻ എം.പി ഡി.കെ. സുരേഷ്, ഗതാഗത ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. മെജസ്റ്റിക്കിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ചന്നപട്ടണ. ബി.എം.ടി.സിയുടെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടുകളിൽ ഒന്നാണ് ഇത്.

മെജസ്റ്റിക്കില്‍ നിന്നും ചന്നപട്ടണയിലേക്ക് 105 രൂപയാണ് യാത്ര നിരക്ക്. യാത്രക്കാർക്ക് 180 രൂപക്ക് ദിവസേനയുള്ള പാസോ 1,000 രൂപക്ക് ആഴ്ചതോറുമുള്ള പാസോ വാങ്ങാം. പ്രതിമാസ പാസിന് 2,700 രൂപയാണ് നിരക്ക്. ബി.എം.ടി.സിയുടെ അധികാരപരിധി വിപുലീകരിക്കാൻ സർക്കാറിൽ നിന്ന് അനുമതി ലഭിച്ചതിനുശേഷം വജ്ര വിസ്താര എ.സി ബസുകൾ കനകപുര, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിച്ചിരുന്നു.

അടുത്തിടെ രാമനഗരയിലേക്ക് ആറ് എ.സി ബസുകൾ വിന്യസിച്ചുകൊണ്ട് ആരംഭിച്ച സര്‍വിസ് ഇതുവരെ 33,000 യാത്രക്കാർ ഉപയോഗിച്ചു. നിലവിൽ രാമനഗരയിലേക്ക് ആറ് ബസുകളും കനകപുരയിലേക്ക് എട്ട് ബസുകളും സർവിസ് നടത്തുന്നുണ്ട്. ബംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് ഹൈവേയിലൂടെയാണ് ബസുകൾ സർവിസ് നടത്തുന്നത്.

ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വിസ് വ്യാപിപ്പിക്കുമെന്ന് ബി.എം.ടി.സി ഉദ്യോഗസ്ഥൻ പറഞ്ഞു. ചന്നപട്ടണയിലേക്ക് 10 എയർ കണ്ടീഷൻ ചെയ്ത ബസുകളാണ് അനുവദിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ ഓരോ അരമണിക്കൂര്‍ ഇടവിട്ട് ദിവസവും 44 സര്‍വിസുകള്‍ നടത്തും.

Tags:    
News Summary - BMTC bus service to Channapatna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.