ബംഗളൂരു: നിയമസഭാംഗങ്ങളുടെ വീടുകളിലെ ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി കർണാടക നിയമസഭ സെക്രട്ടേറിയറ്റ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
എം.എൽ.എമാർ അവരുടെ പേഴ്സണൽ അസിസ്റ്റന്റുമാർക്കോ, അതിഥികൾക്കോ, പരിചയക്കാർക്കോ ഔദ്യോഗിക വാഹനങ്ങള്‍ നല്‍കുന്നത് തടയുകയാണ് ലക്ഷ്യം. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) പരിധിയിൽ മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാവൂ. വാഹനങ്ങൾ ബംഗളൂരുവിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയമസഭ സ്പീക്കറുടെ അനുമതി നിർബന്ധമാണെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഇത് അനുവദിക്കൂ എന്നും നിര്‍ദേശമുണ്ട്.
എം.എൽ.എമാരുടെ പേരിലുള്ള വാഹനങ്ങൾ അവരുടെ സഹായികളും പാർട്ടി പ്രവർത്തകരും ബംഗളൂരുവിന് പുറത്തുള്ള യാത്രകൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എമാർക്കും മുൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹന ഉപയോഗം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ നിയമസഭാ സെക്രട്ടറി എം.കെ. വിശാലാക്ഷി പുറപ്പെടുവിച്ചത്.
നിലവില്‍ എം.എൽ.എമാർക്ക് ഏകദേശം 80 വാഹനങ്ങളും എം.എൽ.സിമാർക്കും മുൻ എം.എൽ.സിമാർക്കും ഏകദേശം 40 വാഹനങ്ങളുമുണ്ട്. കിലോമീറ്ററിന് എട്ട് രൂപ മുതൽ 12 രൂപ വരെയാണ് ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. ഇത് എം.എൽ.എയുടെ ശമ്പളത്തിൽ നിന്ന് കുറക്കും. മുൻ എം.എൽ.എയുടെ പെൻഷനിൽ നിന്ന് തുക കുറക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.