കെ.ജെ. ജോർജ്
ബംഗളൂരു: ഹംപിയുടെ സമഗ്ര വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നഗര, ഗ്രാമവികസന വകുപ്പുകൾ തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന് ടൂറിസം മന്ത്രി കെ.ജെ. ജോർജ്.
ഹംപിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ടൂറിസം വകുപ്പിന് മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നും നഗരവികസനം, പഞ്ചായത്ത് രാജ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ തീരുമാനം പരിഗണിക്കണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹംപിയുടെ വികസനത്തിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ നടത്തും. കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരുമായും ജനപ്രതിനിധികളുമായും ഇക്കാര്യത്തില്‍ ചർച്ചകൾ നടത്തി. ഹൊസ മലപ്പനഗുഡിയിൽ ടൂറിസത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹംപിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി 20 യാത്രാ റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.
പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് ഈ റൂട്ടുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉടൻ പുറത്തിറക്കും. യാത്രക്കാര്‍ക്കായി പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിനെക്കുറിച്ച് ഗതാഗത വകുപ്പുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ജോർജ് അറിയിച്ചു.
എം.എൽ.എ എച്ച്.ആർ. ഗവിയപ്പ, എം.എൽ.എ എൻ.ടി. ശ്രീനിവാസ്, മുൻ മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ.വി. ത്രിലോക്ചന്ദ്ര, കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുവാഷിഷ് ദാസ്, ടൂറിസം വകുപ്പ് കമീഷണർ വി. റാം പ്രസാത് മനോഹർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.