ബംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിനെതുടർന്ന് പിഴയടക്കാന്‍ ആവശ‍്യപ്പെട്ടതിൽ മനംനൊന്ത് ബംഗളൂരുവിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അനേക്കലിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഹോംവർക്ക് ചെയ്യാത്തതിനാൽ പിഴ ചുമത്തിയതാണ് തന്‍റെ മരണകാരണമെന്ന് പെൺകുട്ടി ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഹോംവർക്ക് ചെയ്യാത്തതിന് ഒരു അധ്യാപിക തനിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതായും 20 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായും പെൺകുട്ടി കത്തിൽ ആരോപിച്ചതായി പൊലീസും വ്യക്തമാക്കി. കൂടാതെ ടി.സി നൽകി സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.
ഈ അപമാനവും മാനസിക പീഡനവും തനിക്ക് കടുത്ത വൈകാരിക വിഷമമുണ്ടാക്കിയെന്നും ഇതാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും പെൺകുട്ടി തന്റെ കത്തിൽ പറയുന്നു. അതേ സമയം സ്കൂളിലെ അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച കുടുംബം, ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. `അധ്യാപകർ അവളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായാണ് തോന്നുന്നത്. അവരുടെ പേരുകൾ എനിക്കറിയില്ല. ഒരു ദിവസം അവൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. സ്കൂളിൽ താൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അവൾ ആരോടും പറഞ്ഞിരുന്നില്ല. അവളുടെ സഹോദരിയോട് എങ്കിലും പറയാമായിരുന്നു, പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു' പെൺകുട്ടിയുടെ അമ്മ കൂട്ടി ചേർത്തു. സംഭവത്തിൽ സൂര്യനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അധ്യാപകർക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണവും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.