ജൈവ വൈദ്യുത വികസന ബോർഡ് ചെയർമാൻ
എസ്.ഇ. സുധീന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചപ്പോൾ
ബംഗളൂരു: ജൈവവൈദ്യുത വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു. നിലവിലെ ജൈവോർജ പരിപാടികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ചെയർമാൻ വിശദീകരിച്ചു. 48ാമത് എക്സിക്യൂട്ടിവ് യോഗത്തിൽ വർക്കിങ് കമ്മിറ്റി അംഗങ്ങൾ ഉങ്ങ്, വേപ്പ്, ലക്ഷ്മിതരു എന്നീ മരങ്ങളുടെ സംഭരണം, ശേഖരണം, വിതരണം എന്നിവയടങ്ങുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ട് സംബന്ധിച്ചും എല്ലാ ജില്ലകളിലും ബയോ എനർജി ഗവേഷണ കേന്ദ്രങ്ങൾ, അവയുടെ പ്രദർശനം, സംസ്ഥാനത്തെ നാല് റവന്യൂ ഡിവിഷനുകളിലെ ബയോഫ്യൂവൽ പാർക്കുകൾ, ഗവേഷണ-ഗുണനിലവാരമുള്ള ലബോറട്ടറി, എൻ.ജി.ഒകളുമായുള്ള സഹകരണം, കർണാടക സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് വിദ്യാർഥികൾക്ക് ഗവേഷണ പദ്ധതികൾ തുടങ്ങി ബോർഡിന്റെ ബോധവത്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സംസ്ഥാനത്ത് ബയോ ബ്രിക്കറ്റുകൾ, ബയോ പെല്ലറ്റുകൾ, ബയോ ചാർ, ബയോ കൽക്കരി, ബയോ ഡീസൽ, ടു ജി എഥനോൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ഉൽപാദനത്തിനുള്ള വിപണി സൃഷ്ടിക്കും.
സംസ്ഥാനത്ത് ബയോഡീസൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനുള്ള വിജ്ഞാപനം സർക്കാർ അടുത്തിടെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഐ.ഒ.സി.എൽ തുടങ്ങിയ എണ്ണക്കമ്പനികളുടെ മാതൃകയിൽ നിരവധി സ്വകാര്യ കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം അറിയിച്ചു.
ജൈവോർജ പദ്ധതികൾക്കായി 7.36 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. യാദ്ഗിരി ജില്ലയിൽ 42 ഏക്കർ സ്ഥലത്ത് റായ്ച്ചൂർ കാർഷിക സർവകലാശാലയും ഹുട്ടി ഗോൾഡ് മൈനസ് ലിമിറ്റഡുമായും സഹകരിച്ച് ജൈവ ഇന്ധന പാർക്ക് സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ, ഗെസ്റ്റ് ഹൗസ്, പരിശീലന കേന്ദ്രത്തിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഒരുക്കും. ഹുട്ടി ഗോൾഡ് മൈനസ് കമ്പനിക്ക് 50 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും മന്ത്രി അനുകൂല മറുപടി നൽകിയതായും ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.