ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കുമുള്ള നിരോധനം ചൊവ്വാഴ്ച മുതൽ നിലവിൽവരും. പാതയിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ തീരുമാനം. ട്രാക്ടറുകൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ വാഹനങ്ങൾ എന്നിവക്കും നിരോധനമുണ്ട്. ഇത്തരം വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ സർവിസ് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്. സർവിസ് റോഡിലൂടെയുള്ള വാഹനങ്ങൾക്ക് നിലവിൽ ടോൾ നൽകേണ്ട. ബിഡദി, രാമനഗര, ചന്നപടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സർവിസ് റോഡിൽനിന്ന് അതിവേഗപാതയിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴികളുള്ളത്. ബംഗളൂരുവിൽനിന്ന് മലബാറിലേക്കുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന അതിവേഗപാതയിൽ ബിഡദിയിലും ശ്രീരംഗപട്ടണയിലുമാണ് ടോൾ ബൂത്തുകളുള്ളത്.
അതിവേഗത്തിൽ ഓടുന്ന വാഹനങ്ങൾക്ക് പതുക്കെ പോകുന്ന ഓട്ടോറിക്ഷകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയവ തടസ്സമുണ്ടാക്കുന്നുവെന്നും അവ മറ്റ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുന്നതായും ഇതിനാലാണ് ഇത്തരം വാഹനങ്ങളെ നിരോധിക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ നാല് മാസങ്ങൾക്കിടെ 84 അപകടങ്ങളിലായി നൂറുപേരാണ് പാതയിൽ മരിച്ചത്. 223 അപകടങ്ങളിലായി 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. ഈ വർഷം മാർച്ച് 12വരെ 100 പേരാണ് മരിച്ചത്. 150 പേർക്ക് 308 അപകടങ്ങളിലായി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിർമാണച്ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണുള്ളത്. പണി പൂർത്തിയായ ഭാഗങ്ങൾ ഉദ്ഘാടനത്തിന് മുമ്പുതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. വേണ്ടത്ര സുരക്ഷാനടപടികൾ സ്വീകരിക്കാതെ നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനായി പെട്ടെന്നുതന്നെ കഴിഞ്ഞ ബി.ജെ.പി സർക്കാർ പാത തുറന്നുകൊടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. അന്നുമുതൽ അപകടങ്ങളും ഏറി. ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയടങ്ങിയതാണ് അതിവേഗപാത. പാതയിലെ കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിലാണ്. സുരക്ഷാനടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ എ.ഐ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം കാമറകൾ അമിതവേഗക്കാരെ പിടികൂടും. വാഹനങ്ങളുടെ സ്പീഡ് എ.കെ കാമറകളുടെ സ്ക്രീനിൽ തെളിയും. നേരത്തേ തന്നെ പാതയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. കൂടുതൽ എ.ഐ കാമറകൾ വരുംദിവസങ്ങളിൽ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.