പ്രതീകാത്മക ചിത്രം
ബംഗളൂരു: വാഹന ഉടമകളില്‍നിന്ന് പിഴ കുടിശ്ശിക ഈടാക്കുന്നതില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ബംഗളൂരു ട്രാഫിക് പൊലീസ്. ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 12 വരെ ഇ-ചലാൻ വഴി തുക അടക്കുന്നവർക്കു മാത്രമേ ഇളവ് ലഭിക്കൂ.
ബംഗളൂരു ട്രാഫിക് പൊലീസിന്റെ വെബ്സൈറ്റായ btp.gov.in, കര്‍ണാടക സംസ്ഥാന പൊലീസിന്റെ അസ്ട്രാം ആപ്, കര്‍ണാടക വണ്‍, ബാംഗ്ലൂര്‍ വണ്‍ സെന്ററുകൾ, ഇഫൻട്രി റോഡിലെ ട്രാഫിക് മാനേജ്മെന്റ് സെന്റര്‍ എന്നിവ മുഖേന പണമടക്കാം. തൊട്ടടുത്ത ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ നല്‍കിയും പണമടക്കാം.
2023ലും ബംഗളൂരു ട്രാഫിക് പൊലീസ് സമാനമായ രീതിയില്‍ കിഴിവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വാഹന ഉടമകള്‍ പിഴ കുടിശ്ശിക അടച്ചിരുന്നു. 5.6 കോടി രൂപ പിഴയിനത്തില്‍ ലഭിക്കുകയും രണ്ട് ലക്ഷത്തിലധികം ഗതാഗത നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്തു.
വാഹന ഉടമകള്‍ കൃത്യസമയത്ത് പിഴ അടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗത സംവിധാനം സുഗമമായി കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് പിഴ കുടിശ്ശികയിനത്തില്‍ ഇളവ് പ്രഖ്യാപിച്ചതെന്ന് ട്രാഫിക് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.