ബംഗളൂരു ടെക് സമ്മിറ്റ് 2025 ഉദ്ഘാടന ചടങ്ങില്‍ നിന്ന്
ബംഗളൂരു: കർണാടക സർക്കാറിന്‍റെ ഇലക്ട്രോണിക്സ്, ഐ.ടി ആന്‍ഡ് ബി.ടി വകുപ്പും സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്സ് ഓഫ് ഇന്ത്യയും (എസ്.ടി.പി.ഐ) സംഘടിപ്പിച്ച ബംഗളൂരു ടെക് സമ്മിറ്റ് 2025ന്റെ 28ാമത് പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംബന്ധിച്ചു.
‘ഫ്യൂച്ചറൈസ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി മൂന്നു ദിവസം ഉച്ചകോടി നടക്കും. വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഐ.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ, ബയോകോൺ മേധാവി കിരൺ മജുംദാർ ഷാ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയ വ്യവസായ പ്രമുഖരും ആസ്‌ട്രേലിയയിലെ മെൽബൺ ലോർഡ് മേയർ നിക്കോളാസ് റീസ്,
പോളണ്ടിലെ ഡിജിറ്റൈസേഷൻ ഡെപ്യൂട്ടി മന്ത്രി റാഫാൽ റോസിൻസ്കി,ജർമനിയിലെ ബവേറിയൻ സ്റ്റേറ്റ് പാർലമെന്‍റ് പ്രസിഡന്‍റ് ഇൽസ് ഐഗ്നർ, നോർവേയിലെ ആരോഗ്യ പരിപാലന സേവന മന്ത്രി ജാൻ ക്രിസ്റ്റ്യൻ വെസ്ട്രെ എന്നീ വിദേശ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.
ഐ.ടി ആൻഡ് ഡീപ്‌ടെക്, ഇലക്ട്രോ-സെമിക്കോൺ, ഡിജി ഹെൽത്ത് ആന്‍ഡ് ബയോടെക്, ഇന്ത്യ-യു.എസ്.എ ടെക് കോൺക്ലേവ്, ഗ്ലോബൽ കൊളാബറേഷൻ, സ്റ്റാർട്ടപ് ഇക്കോസിസ്റ്റം എന്നിവയുൾപ്പെടെ 10 കോൺഫറൻസുകൾ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക ബഹിരാകാശ സാങ്കേതിക നയം 2025-2030, കർണാടക ഐ.ടി നയം 2025-2030 എന്നിവ പുറത്തിറക്കി. 2034 ആകുമ്പോഴേക്കും കർണാടകയെ ഇന്ത്യയുടെ മുൻനിര ബഹിരാകാശ കേന്ദ്രമാക്കി മാറ്റുകയാണ് സ്പേസ് ടെക് നയത്തിന്റെ ലക്ഷ്യം.
ഫ്യൂച്ചർ മേക്കേഴ്‌സ് കോൺക്ലേവ്, ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, സാനിയ മിർസ, അങ്കുർ വാരിക്കൂ, റിച്ച ഘോഷ്, കൈവല്യ വോറ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും. ആയിരത്തിലധികം നിക്ഷേപകർ, 500ൽ അധികം പ്രഭാഷകർ, 1000 പ്രദർശകർ എന്നിവരുൾപ്പെടെ 50,000ത്തിലധികം ആളുകള്‍ ഉച്ചകോടിയിൽ പങ്കെടുക്കും.
80ൽ അധികം വിജ്ഞാന സെഷനുകളും 5,000ത്തിലധികം ക്യൂറേറ്റഡ് മീറ്റിങ്ങുകളും നടക്കും. പ്രമുഖ ടെക് രാജ്യങ്ങളായ യു.എസ്.എ, ക്യൂബ, ഉറുഗ്വായ്, റഷ്യ, യു.കെ, ഇസ്രായേൽ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ, ദുബൈ, ഷാർജ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.