ബംഗളൂരു: എയ്‌റോ ഇന്ത്യ 2025 എയർ ഷോ നടക്കുന്ന ബംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ സ്‌റ്റേഷൻ മേഖലയ്ക്ക് സമീപം മാംസാഹാരങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ബംഗളൂരു കോര്‍പ്പറേഷന്‍. ഫെബ്രുവരി 10 മുതൽ 14 വരെയാണ് യെലഹങ്ക വ്യോമസേനാ സ്‌റ്റേഷനില്‍ എയ്‌റോ ഇന്ത്യ ഷോ. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വ്യോമയാന പ്രദർശനമാണ് എയ്‌റോ ഇന്ത്യ.
ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ വ്യോമസേനാ സ്‌റ്റേഷന്‍റെ 13 കിലോമീറ്റർ ചുറ്റളവിൽ നിരോധനം ബാധകമായിരിക്കുമെന്ന് ബി.ബി.എം.പി അറിയിച്ചു. ബി.ബി.എം.പി ജോയിന്‍റ് കമീഷണറുടെ ഓഫിസാണ് പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്.
എല്ലാ മത്സ്യ-മാംസ വില്പനകേന്ദ്രങ്ങളും, മാംസാഹാരങ്ങൾ വിൽക്കുന്ന ഹോട്ടലുകളും ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ അടച്ചിടണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാംസാഹാര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
നിരോധനത്തിന്‍റെ ഏതൊരു ലംഘനവും ബി.ബി.എം.പി ആക്‌ട് 2020 പ്രകാരമുള്ള ശിക്ഷയ്ക്കും 1937 ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂളുകളിലെ റൂൾ 91 പ്രകാരമുള്ള ശിക്ഷയ്ക്കും വിധേയമാകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വ്യോമയാന പ്രദർശനമാണ് എയ്‌റോ ഇന്ത്യ. പ്രതിരോധ നിർമ്മാതാക്കളും നിക്ഷേപകരും ഉൾപ്പെടെ 800ല്‍ അധികം പ്രദർശകർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ പ്രദർശനത്തിന് ഏഴ് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.