ബംഗളൂരു: വനിത സെർവർമാരെ നിയമവിരുദ്ധമായി നിയമിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത ബാറുകളിൽ ബംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തി.
സിഗരറ്റ്, മറ്റു പുകയില ഉൽപന്ന നിയമം (കോട്പ) ലംഘിച്ചും സമയപരിധി കഴിഞ്ഞും പ്രവർത്തിച്ച മദ്യശാലകൾ അശ്ലീല നൃത്തങ്ങൾ നടത്തിയതായും കണ്ടെത്തി. പ്രത്യേക സംഘങ്ങൾ നടത്തിയ റെയ്ഡിലാണ് മാർഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ബംഗളൂരു നഗരത്തിൽ ഉത്തര മേഖലയിലെ നിരവധി ബാറുകളും റസ്റ്റാറന്റുകളും നിയമലംഘനം നടത്തുന്നതായി സിറ്റി പൊലീസ് കമീഷണർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. തദടിസ്ഥാനത്തിലാണ് വെസ്റ്റ് സോണിൽ 11 പ്രത്യേക പൊലീസ് സംഘങ്ങൾ രൂപവത്കരിച്ചത്.
ഉപ്പാർപേട്ട്, കോട്ടൺപേട്ട്, കലാസിപാളയ, കബ്ബൺ പാർക്ക്, അശോക് നഗർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന ബാറുകളിലും റസ്റ്റാറന്റുകളിലും പ്രത്യേക റെയ്ഡ് നടത്തിയതായി വാർത്തക്കുറിപ്പിൽ പറഞ്ഞു.
റെയ്ഡിൽ 19 ബാറുകളും റസ്റ്റാറന്റുകളും പ്രകോപനപരമായി സ്ത്രീ തൊഴിലാളികളെ നിയമിച്ച് നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. വനിത സുരക്ഷ ഗാർഡുകളുടെ അഭാവം, അടുക്കള പ്രദേശങ്ങളിൽ ശുചിത്വമില്ലായ്മ, ശരിയായ പുകവലി മേഖല നിശ്ചയിക്കാതിരിക്കുകയോ പരിപാലിക്കുകയോ ചെയ്യാതിരിക്കുക, അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുക എന്നിവയും ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
പുകയില ഉൽപന്ന നിയമചട്ടങ്ങൾ ലംഘിച്ച ഉപഭോക്താക്കൾക്ക് സ്ഥലത്തുതന്നെ പിഴ ചുമത്തി. കൂടുതൽ നിയമനടപടികൾക്കായി അതത് പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യ, എക്സൈസ് വകുപ്പുകൾക്കുകൂടി ബന്ധമുള്ളതാണ് കണ്ടെത്തിയ മറ്റു നിയമ ലംഘനങ്ങളെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്ക് എന്തെങ്കിലും അസൗകര്യം നേരിടുകയോ അത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്താൽ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കണമെന്ന് അഭ്യർഥിച്ചു.
ഉത്തര മേഖല ജോയന്റ് പൊലീസ് കമീഷണർ സി. വംശി കൃഷ്ണയുടെയും വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ഗിരീഷിന്റെയും നേതൃത്വത്തിലും പ്രത്യേക പൊലീസ് സംഘങ്ങളുടെ ഭാഗമായി സെൻട്രൽ, വെസ്റ്റ് ഡിവിഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് ഈ പ്രത്യേക റെയ്ഡ് ഓപറേഷൻ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.