രാവുകളിലെ ഉറക്കം കവരുന്ന മരണങ്ങള്‍

ബംഗളൂരു: ഡ്രൈവറുടെ ഉറക്കച്ചടവില്‍ ബലി നല്‍കേണ്ടി വരുന്നത് ദീര്‍ഘദൂര യാത്രയെ ആശ്രയിക്കുന്ന യാത്രികരാണ്. ട്രെയിനിന്‍റെ സമയദൈർഘ്യവും വിമാനത്തിലെ അധിക ചെലവും കണക്കിലെടുത്ത് സാധാരണക്കാര്‍ ബംഗളൂരുവിലേക്കുള്ള യാത്രക്ക് മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് താരതമ്യേന ചെലവ് കുറഞ്ഞ ദീര്‍ഘദൂര ബസുകളെയാണ്. ഡ്രൈവറുടെ ജോലിഭാരം കാരണം മിക്കപ്പോഴും സ്വപ്നങ്ങള്‍ പാതിവഴിയിലാക്കി മടങ്ങേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് അടുത്ത കാലത്തായി കണ്ട് വരുന്നത്.

കർണാടകയിലെ ബിഡദിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിറകില്‍ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും ‘സിംഗിൾ ഡ്രൈവർ’ ഡ്യൂട്ടിയുമെന്ന് ആരോപണം വിരല്‍ ചൂണ്ടുന്നതും ഈ യാഥാർഥ്യത്തിലേക്കാണ്. കെ.എസ്. ആര്‍.ടി.സിയുടെ ചട്ടങ്ങളും സര്‍ക്കുലറും ലംഘിച്ചാണ് ബസ് യാത്രചെയ്തത് എന്ന് ആരോപണമുണ്ട്. മരിച്ച ഡ്രൈവര്‍ തുടര്‍ച്ചയായി രണ്ടു രാത്രികളില്‍ റൂട്ടില്‍ ബസ് ഓടിച്ചിരുന്നുവെന്നും ദീര്‍ഘ ദൂര സര്‍വിസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ മാരായ സ്ഥിരം ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ എന്ന ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

കെ.എസ്.ആർ.ടി.സിയിലെ തല്‍ക്കാലിക്ക ജീവനക്കാരനായിരുന്നു മിഥിലേഷ്. വ്യാഴാഴ്ച രാത്രി മൈസൂരില്‍നിന്നുള്ള മറ്റൊരു ബസ് ഓടിച്ച മിഥിലേഷ് വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട്ടെത്തിയത്. രാത്രി ബംഗളൂരുവിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തുടർച്ചയായ യാത്ര മിഥിലേഷിനെ തളര്‍ത്തുകയും ഒരു കുടുംബത്തിന്‍റെ അത്താണി നഷ്ടപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്ട്നിന്നും ബംഗളൂരുവിലേക്ക് സിംഗിൾ ഡ്രൈവർ സർവിസ് നടത്തുന്ന രണ്ട് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.

ഈ റൂട്ടിൽ ഭൂരിഭാഗം ബസുകളിലും ‘ഡ്രൈവർ കം കണ്ടക്ടർ’ രീതിയിലാണ് സര്‍വിസ് നടക്കുന്നത്. ഇതിനിടയിലാണ് രണ്ട് സർവിസുകളിൽ മാത്രം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി തുടരുന്നത്. ദീർഘദൂര സർവിസുകളിൽ ഇത്തരം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി അടിച്ചേൽപിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. അപകടസാധ്യതയും കടുത്ത ജോലിഭാരവും കാരണം സ്ഥിരം ജീവനക്കാർ പലരും ഈ ബസുകളിൽ ഡ്രൈവറാകാൻ സന്നദ്ധത പ്രകടിപ്പിക്കാറില്ല. അതിനാൽ താൽകാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവിസ് നടത്തുന്നത്. 

Tags:    
News Summary - രാവുകളിലെ ഉറക്കം കവരുന്ന മരണങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.