ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (കെ.ഐ.എ) 8.5 കിലോമീറ്റർ നീളമുള്ള റെയിൽ ലിങ്കിന്റെ രൂപരേഖക്ക് സൗത്ത് വെസ്റ്റേൺ റെയിൽവേ അനുമതി നൽകി. ബംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (ബി.എസ്.ആര്.പി) ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. 4100 കോടി രൂപയുടെ പദ്ധതി 2030ഓടെ പൂർത്തിയാകും. മൊത്തം 8.5 കിലോമീറ്റർ നീളമുള്ള പാതയിൽ 5.5 കിലോമീറ്റർ ഉപരിതലത്തിലൂടെയും ബാക്കി 3.5 കിലോമീറ്റർ വിമാനത്താവള സമുച്ചയത്തിനുള്ളിൽ ഭൂഗർഭ പാതയുമായാണ് നിർമിക്കുന്നത്.
ബി.കെ. ഹള്ളി, കെ.ഐ.എ.ഡി.ബി എയറോസ്പേസ് പാർക്ക്, എയർപോർട്ട് സിറ്റി, എയർപോർട്ട് ടെർമിനൽ എന്നീ നാല് സ്റ്റേഷനുകളാണ് പാതയില്‍ ഉണ്ടാവുക. വിമാനത്താവളത്തിനുള്ളിലെ രണ്ട് സ്റ്റേഷനുകൾ (എയർപോർട്ട് സിറ്റിയും എയർപോർട്ട് ടെർമിനലും) ഭൂഗർഭമായിരിക്കും. ഇതിൽ എയർപോർട്ട് സിറ്റി സ്റ്റേഷൻ വിമാനത്താവള ജീവനക്കാർക്കും സമീപവാസികൾക്കും ഉപകാരപ്രദമാകും. ഈ പാത സബർബൻ റെയിൽവേയുടെ ‘സമ്പികെ ലൈനി’ന്റെ (കെ.എസ്.ആര് ബംഗളൂരു - ദേവനഹള്ളി ഇടനാഴി) ഭാഗമായിരിക്കും. ഇത് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിനും രണ്ടിനും ഇടയിൽ അവസാനിക്കും. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ.റൈഡ്) പറഞ്ഞു. മെട്രോയുടെ ബ്ലൂ ലൈനിന് പുറമെ സബർബൻ റെയിൽ കൂടി വരുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.