ബംഗളൂരു: കരടിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ്, ഒരു കണ്ണ് പുറത്തേക്ക് തള്ളിപ്പോയ വയോധികൻ രക്ഷപ്പെട്ടത് മൂന്നു കിലോമീറ്ററോളം ദൂരം നടന്ന്. കർണാടകയിലെ ഉത്തര കന്നട ജില്ലയിലെ ജോയിദ താലൂക്കിലെ തിംബലി വില്ലേജിൽ ജഗൽപേട്ട് വനമേഖലയിൽ ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. മലോർഗി വില്ലേജിലെ 72കാരനായ വിറ്റാൽ സലാകെക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പേരക്കുട്ടിയെ കാണാൻ തിമ്പലിയിലേക്ക് നടന്നുപോവുകയായിരുന്ന ഇയാളെ കരടി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കരടിയുമായി ഇയാൾ 20 മിനിറ്റോളം മൽപിടിത്തം നടത്തി. ആക്രമണത്തിൽ ഇയാളുടെ ഒരു കണ്ണ് പുറത്തേക്ക് തള്ളിപ്പോയി. തലക്ക് ഗുരുതര പരിക്കേറ്റു. പിന്നീട് മൂന്നുകിലോമീറ്ററോളം ദൂരം നടന്ന് ചോരയൊലിക്കുന്ന ശരീരവുമായി ദൂരെയുള്ള ബന്ധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ രാമനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
പിന്നീട് ബെളഗാവി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അടുത്ത ദിവസം ശസ്ത്രക്രിയ നടക്കും. ഈ മേഖലയിൽ ആദ്യമായാണ് കരടിയുടെ ആക്രമണമുണ്ടാകുന്നതെന്ന് ജഗൽപേട്ട് ഡി.ആർ.എഫ്.ഒ ദീപക് ബംഗോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.