ബി.സി കമ്യൂണിറ്റി ഹാളുകള്‍, ഹോസ്റ്റലുകള്‍; ഒരു സമുദായത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: നടപ്പ് സാമ്പത്തിക വർഷത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ച കമ്യൂണിറ്റി ഹാളുകളിലും വിദ്യാര്‍ഥി ഹോസ്റ്റലുകളില്‍ ഭൂരിഭാഗവും കുറുബ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചുവെന്ന റിപ്പോർട്ടുകൾ അവഗണിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു സമുദായത്തിനെതിരെയും വിവേചനം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അപേക്ഷകരില്‍ ഭൂരിഭാഗവും കുറുബ സമുദായത്തില്‍ പ്പെട്ടവരായിരുന്നു.അതിനാല്‍ അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. മറ്റ് സമുദായങ്ങളിൽനിന്നുള്ള അപേക്ഷകളുടെ അവലോകനം നടന്നുകൊണ്ടിരിക്കുന്നു അവര്‍ക്കും ധനസഹായം നല്‍കും.

155 കമ്യൂണിറ്റി ഹാളുകളിലും ഹോസ്റ്റലുകളിലും 80 എണ്ണം പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് കുറുബ സമുദായത്തിന് അനുവദിച്ചു. വിവിധ പിന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളും അസോസിയേഷനുകളും സമർപ്പിച്ച അപേക്ഷകൾ സംസ്ഥാന പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് അവലോകനം ചെയ്യുകയും ഏകദേശം 155 പിന്നോക്ക വിഭാഗ സംഘടനകൾക്കായി 71.85 കോടി രൂപ ചെലവിൽ കമ്യൂണിറ്റി ഹാളുകളും വിദ്യാര്‍ഥി ഹോസ്റ്റലുകളും നിർമിക്കുന്നതിന് പ്രാഥമിക അനുമതി നൽകുകയും ചെയ്തുവെന്ന് എക്‌സിലൂടെ സിദ്ധരാമയ്യ പറഞ്ഞു.

ഇത് ഗുണഭോക്താക്കളുടെ അന്തിമപട്ടികയല്ല. മറ്റ് പിന്നാക്ക സമുദായങ്ങൾ സമർപ്പിച്ച അഭ്യർഥനകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ അവർക്ക് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറുബ സമുദായത്തിനൊപ്പം മഡിവാള, ലിംഗായത്ത്, വൊക്കലിഗ, ബെസ്റ്റ, ബലിജ, ഗൊല്ല, ജെട്ടി, കുംബര, അരസു, ഹെലവ, സവിത സമാജ, ഉപ്പര, ഗനിഗ, കുരുഹിന ഷെട്ടി, ഹലക്കി, റെഡ്ഡി, ഹലക്കി, റെഡ്ഡി തുടങ്ങിയ സമുദായങ്ങൾക്കായി കമ്യൂണിറ്റി ഹാളുകളും സ്റ്റുഡൻറ് ഹോസ്റ്റലുകളും നിർമിക്കുന്നതിന് പ്രാഥമിക അനുമതി നൽകിയിട്ടുണ്ട്.

ഫണ്ട് അനുവദിക്കുന്നതിനുള്ള ഉത്തരവല്ല ഇതെന്നും ഗ്രാന്‍റ് ലഭിക്കുന്നതിനായി ബന്ധപ്പെട്ട സംഘടനകൾ അതത് ജില്ലയിലെ ഡെപ്യൂട്ടി കമീഷണർ മുഖേന പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന് രേഖകൾ സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി അല്ലെങ്കില്‍ സ്ഥലം സംഘടനയുടെ പേരിൽ രജിസ്റ്റർ ചെയ്തതിന്‍റെ തെളിവ്, പ്രാദേശിക മുനിസിപ്പാലിറ്റിയിൽനിന്നോ പഞ്ചായത്തിൽനിന്നോ ഉള്ള കെട്ടിട ലൈസൻസ്, കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടനയുടെ ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകൾ, മറ്റ് ആവശ്യമായ രേഖകൾ എന്നിവ ഹാജരാക്കണം. ഗ്രാന്‍റുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർമാണ പുരോഗതി അവലോകനം ചെയ്തതിന് ശേഷം മൂന്ന് ഘട്ടങ്ങളായി ഗ്രാന്‍റ് അനുവദിക്കും. ഓരോ പദ്ധതിയുടെയും പുരോഗതി വർഷന്തോറും വിലയിരുത്തുകയും വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കുകയും ചെയ്യും. ഒ.ബി.സി പട്ടികക്ക് കീഴിലുള്ള നിർദിഷ്ട വിഭാഗങ്ങൾക്കനുസൃതമായി ഫണ്ട് അനുവദിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Tags:    
News Summary - BC Community Halls, Hostels; Siddaramaiah says no discrimination against any community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.