മ​ഹാ​ദേ​വ​പു​ര സോ​ണി​ലെ ബ​സ​വ​ന​ഗ​ർ ചി​ന്ന​പ്പ​ന​ഹ​ള്ളി​യി​ൽ അ​ഴു​ക്കു​ചാ​ൽ കൈ​യേ​റ്റം

ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കു​ന്നു

പ്രളയമേഖലയിൽ കൈയേറ്റം ഒഴിപ്പിച്ച് ബി.ബി.എം.പി

ബംഗളൂരു: നഗരഭരണത്തിന് നാണക്കേടുണ്ടാക്കിയ ബംഗളൂരുവിലെ പ്രളയത്തിനു പിന്നാലെ ഈ മേഖലയിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയുമായി ബി.ബി.എം.പി. വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായ മഹാദേവപുര, ബെലന്തൂർ അടക്കം എട്ടു സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മണ്ണുമാന്തി ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. മഹാദേവപുര സോണിലെ 10 സ്ഥലങ്ങളിലാണ് അഴുക്കുചാൽ കൈയേറ്റം കണ്ടെത്തിയിട്ടുള്ളത്. മഴവെള്ളം അഴുക്കുചാലുകളിലേക്ക് ഒഴുകുന്നത് തടസ്സപ്പെടുത്തിയ നിലയിലാണ് പലയിടത്തുമുള്ള നിർമാണപ്രവൃത്തികൾ.

കെട്ടിടങ്ങളുടെ കൈയേറ്റവും മൈതാനത്തിലെ കൈയേറ്റത്തിനും പുറമെ മേഖലയിലെ ഒരു പ്രമുഖ സ്കൂളിന്റെ പൂന്തോട്ടവും കൈയേറ്റ സ്ഥലത്തുണ്ട്. ഇവ നീക്കാൻ നടപടി തുടങ്ങി. ഈ സ്കൂളിന് സമീപത്തെ അപ്പാർട്ട്മെന്റ് കൈയേറ്റസ്ഥലത്താണ് സ്ഥിതിചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഉടമകൾക്ക് നോട്ടീസ് നൽകി. താമസക്കാരെ ഒഴിപ്പിച്ച് ഇതു പൊളിക്കാനാണ് ബി.ബി.എം.പി നീക്കം. ഉടമകളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ബി.ബി.എം.പി അധികൃതർ പറഞ്ഞു.

അഴുക്കുചാലുകൾ വൻതോതിൽ കൈയേറിയതിനാലാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൂണ്ടിക്കാട്ടിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിൽ ഒരുവിധ പക്ഷപാതവും കാണിക്കില്ല. കൈയേറ്റം ആരു നടത്തിയാലും നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്.

മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയാണ് പല കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഐ.ടി മേഖലയിലുള്ളവരായാലും സാധാരണക്കാരായാലും പ്രളയത്തിന്റെ കെടുതി ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കും. ഒരു സാഹചര്യത്തിലും നടപടി നിർത്തിവെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽനിന്നുള്ള നിർദേശപ്രകാരമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയെ തുടർന്ന് കഴിഞ്ഞയാഴ്ച ബംഗളൂരു നഗരത്തിലുണ്ടായ പ്രളയത്തില ഐ.ടി മേഖലയിൽ ഒറ്റദിവസം 225 കോടിയുടെ നഷ്ടമാണുണ്ടായതെന്നാണ് വിലയിരുത്തൽ.  

Tags:    
News Summary - B.B.M.P. vacated the encroachment in the flood zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.