ബംഗളൂരു: ബംഗളൂരു നഗരഭരണം കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ കൊണ്ടുവന്ന 2024ലെ ഗ്രേറ്റർ ബംഗളൂരു ഗവേണൻസ് ആക്ട് (ജി.ബി.ജി.എ) വ്യാഴാഴ്ചമുതൽ പ്രാബല്യത്തിൽ വരും. ബി.ബി.എം.പി എന്ന പേര് നിലനിർത്തിയേക്കുമെന്നാണ് വിവരം. നിയുക്ത അഡ്മിനിസ്ട്രേറ്റർ ബംഗളൂരുവിന്റെ ഭരണ മേൽനോട്ടം വഹിക്കും. നേരത്തേ ഒറ്റ കോർപറേഷനായിരുന്നത് ഇനിമുതൽ ഏഴ് നഗര കോർപറേഷനുകളായി വികേന്ദ്രീകൃതമായി പ്രവർത്തിക്കും.
നികുതി, സെസ്സുകൾ, തീരുവകൾ എന്നിവ ചുമത്താൻ നഗര കോർപറേഷനുകൾക്ക് പ്രത്യേക അധികാരം നൽകും. ഈ ഏഴ് കോർപറേഷനുകളുടെയും ആസൂത്രണ അതോറിറ്റിയായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പ്രവർത്തിക്കും. നിയമസഭ ബജറ്റ് സമ്മേളനത്തിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ഗ്രേറ്റർ ബംഗളൂരു ഗവേണൻസ് ബില്ലിന് അംഗീകാരം നൽകിയത്. മുമ്പ് ബില്ലിൽ വ്യക്തത ആവശ്യപ്പെട്ട് ഗവർണർ സർക്കാറിലേക്ക് ബിൽ മടക്കിയിരുന്നു. ഗവർണർ ഉന്നയിച്ച സംശയങ്ങൾ ദൂരീകരിക്കുകയും ബില്ലിൽ വ്യക്തത വരുത്തുകയും ചെയ്തശേഷം ബിൽ അംഗീകാരത്തിനായി വീണ്ടും സമർപ്പിക്കുകയായിരുന്നു.
നിലവിലെ ബി.ബി.എം.പിയുടെ 709 ചതുരശ്ര കിലോമീറ്റർ അധികാരപരിധി തന്നെയായിരിക്കും ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെയും ഭരണപരിധി. മുഖ്യമന്ത്രി സിദ്ധരാമയ്യയാകും ജി.ബി.എയുടെ അധ്യക്ഷൻ. ഭരണനിയന്ത്രണം, നഗരാസൂത്രണം, പൊതു അതോറിറ്റികൾ തമ്മിലുള്ള ഏകോപനം, മൊബിലിറ്റി പ്ലാനുകൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർവഹണം എന്നിവ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടക്കും.
വിജ്ഞാപനത്തിനുശേഷം വിവിധ കോർപറേഷനുകൾ രൂപവത്കരിക്കുന്നതിനുള്ള വിഭജന പ്രക്രിയ സർക്കാർ ആരംഭിക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു.
വിവാദബിൽ കർണാടക നിയമസഭയിലും നിയമ നിർമാണ കൗൺസിലിലും അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയുടെയും ജെ.ഡി-എസും പ്രതിഷേധിക്കുകയും സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബിൽ ഇരുസഭയിലും പാസായത്.
നിലവിലുള്ള ബി.ബി.എം.പി ആക്ട് അനുസരിച്ച്, ബംഗളൂരുവിന്റെ ഭരണം ഇതുവരെ ഒരു മേയർക്ക് കീഴിലായിരുന്നു. അതേസമയം, പുതിയ വിജ്ഞാപനം വരുമ്പോൾ ഇത് ഏഴ് കോർപറേഷനുകളിലേക്ക് അധികാരം വികേന്ദ്രീകരിക്കുകയും പ്രധാന ഭരണച്ചുമതല മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. ബി.ബി.എം.പി കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നിട്ട് ഏകദേശം ഒമ്പത് വർഷമായി.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കേണ്ട തെരഞ്ഞെടുപ്പുകൾ 2020 മുതൽ വൈകിയതിനാൽ നിർണായക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ബി.ബി.എം.പി കൗൺസിലിന്റെ കാലാവധി 2020 സെപ്റ്റംബറിൽ അവസാനിച്ചതിനുശേഷം, തെരഞ്ഞെടുപ്പുകൾ പലതവണ മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.