ബംഗളൂരു: ബംഗളൂരു- മൈസൂരു അതിവേഗ പാത ടോൾ രഹിതമാക്കാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ആർജവത്തെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ മൈസൂരു- കുടക് എം.പി പ്രതാപ് സിംഹക്ക് ബംഗളൂരു- മൈസൂരു അതിവേഗ പാതയിൽ ടോൾ ഒഴിവാക്കാൻ ആർജവമുണ്ടോ എന്ന് കർണാടക കോൺഗ്രസ് വക്താവ് എം. ലക്ഷ്മണ ചോദിച്ചു.
മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിൽ പൂർണമായും ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് അറിയിച്ചിരിക്കുന്ന പത്തുവരി അതിവേഗ പാതയിൽ വൻ തുകയാണ് ടോളായി നൽകേണ്ടി വരുകയെന്ന് ലക്ഷ്മണ ചൂണ്ടിക്കാട്ടി.
118 കിലോമീറ്റർ വരുന്ന പാത ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാ ദൈർഘ്യം 90 മിനിറ്റായി കുറക്കും. കെ. ഷെട്ടിഹള്ളിക്ക് സമീപം ഗണഗുരുവിലും കുമ്പളഗോഡിലും ടോൾ പ്ലാസകളുണ്ടാവും. ഒരു കിലോമീറ്ററിന് മൂന്നു മുതൽ നാലു രൂപ വരെയാണ് ശരാശരി ടോൾ. അതുപ്രകാരം ഒരു വശത്തേക്ക് 380 മുതൽ 400 രൂപ വരെ ടോളായി നൽകേണ്ടി വരുമെന്നും ഇരുവശത്തേക്കും യാത്രചെയ്യുന്നവർക്ക് 800 രൂപയോളം ഈയിനത്തിൽ ഒടുക്കേണ്ടി വരുമെന്നും ലക്ഷ്മണ ചൂണ്ടിക്കാട്ടി.
2013 മേയിൽ രണ്ടാം യു.പി.എ സർക്കാറാണ് ബംഗളൂരു- മൈസൂരു പാത വികസനത്തിന് പദ്ധതി കൊണ്ടുവന്നതെന്നും അതിന്റെ ക്രെഡിറ്റ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, പൊതുമരാമത്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ, മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് എന്നിവർക്കാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.