അഷ്റഫിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റാനായി വെന്റ്ലോക്ക് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു.
ആൾക്കൂട്ട കൊലക്ക് പിന്നിൽ ബി.ജെ.പി പ്രലോഭനം -കോൺഗ്രസ്
മംഗളൂരു: കുഡുപ്പുവിലെ ആൾക്കൂട്ട ആക്രമണത്തിൽ അഷ്‌റഫ് കൊല്ലപ്പെട്ടത് ബി.ജെ.പി പ്രതിനിധി പിസ്റ്റൾ രവിയുടെ പ്രകോപനം മൂലമാണെന്ന് ജില്ല കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് കുമാർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ജില്ലയിലെ തൊഴിൽസേനയിൽ കുടിയേറ്റ തൊഴിലാളികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ കോർപറേഷൻ കൗൺസിലറുടെ ഭർത്താവായ പിസ്റ്റൾ രവി പ്രാദേശിക യുവാക്കളെ പ്രേരിപ്പിച്ചതായും ഇത് ഒടുവിൽ ഒരു നിരപരാധിയുടെ കൊലപാതകത്തിലേക്ക് നയിച്ചതായും അദ്ദേഹം ആരോപിച്ചു.
പൊലീസും അവരുടെ കടമയിൽ പരാജയപ്പെട്ടു, കേസ് അസ്വാഭാവിക മരണമായി തുടക്കത്തിൽ തരംതിരിച്ച് ഉന്നത അധികാരികളെ തെറ്റിദ്ധരിപ്പിച്ചു. ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നത് ഇതാദ്യമല്ല. ഇത്തരം പ്രകോപനങ്ങൾ കാരണം ഇന്ന് പലരും ജയിലിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൽഗാമിൽ 26 പേരെ കൊന്ന ഭീകരരും കുഡുപുവിൽ ഒരു നിരപരാധിയെ കൊന്നവരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഹരീഷ് കുമാർ ചോദിച്ചു. പഹൽഗാം ആക്രമണം നടത്തിയത് പാകിസ്താൻ ഭീകരരാണെന്നും കുഡുപു കേസിൽ ചില വ്യക്തികൾ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ മുസ്ലിംകൾ ശിവമോഗയിൽനിന്നുള്ള ഒരു സ്ത്രീ ഉൾപ്പെടെ 11 കുടുംബങ്ങളെ രക്ഷിച്ചുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി പരമേശ്വറിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഹരീഷ് കുമാർ ‘ആക്രമണകാരികൾ സംഭവത്തിൽ അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തന്റെ അഭിപ്രായം എന്ന് പരമേശ്വർ വ്യക്തമാക്കി’യതായി മറുപടി നൽകി.
ഹിന്ദുക്കൾ കത്തിയും വാളും കരുതണമെന്ന് ആർ.എസ്.എസ് നേതാവ്
മംഗളൂരു: സ്വയരക്ഷക്കായി ഹിന്ദുക്കൾ വാളുകളും കത്തികളും വീട്ടിൽ സൂക്ഷിക്കണമെന്ന് ദക്ഷിണ കന്നട ജില്ലയിലെ മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലഡ്ക ഡോ. പ്രഭാകർ ഭട്ട് പറഞ്ഞു. മഞ്ചേശ്വരം വൊർക്കടിയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഹിന്ദു വീടുകളിലും ഒരു വാൾ സൂക്ഷിക്കണം. പഹൽഗാം ആക്രമണ സമയത്ത് ഹിന്ദുക്കൾ വാൾ കാണിച്ചിരുന്നെങ്കിൽ അത് മതിയാകുമായിരുന്നു. സ്ത്രീകൾ സാധാരണ കൊണ്ടുപോകുന്ന വസ്തുക്കൾക്കൊപ്പം വാനിറ്റി ബാഗുകളിൽ കത്തികളും കരുതണം.
ആറ് ഇഞ്ച് കത്തി കൊണ്ടുപോകുന്നതിന് ലൈസൻസ് ആവശ്യമില്ല. സന്ധ്യക്കു ശേഷം നിങ്ങൾ പുറത്തുപോയാൽ ആക്രമണത്തിന് എല്ലാ സാധ്യതയുമുണ്ട്. ആക്രമികളോട് യാചിക്കരുത്. കത്തി കാണിച്ചാൽ അവർ ഓടിപ്പോകും. നേരത്തേ, ഹിന്ദു-മുസ്‍ലിം സംഘർഷങ്ങളിൽ ഹിന്ദുക്കൾ പലായനം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ അത് മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഭട്ട് പറഞ്ഞു.
വെന്റ്ലോകിൽ പോസ്റ്റ്മോർട്ടം; സീനത്ത് ബക്ഷിൽ നമസ്കാരം
മംഗളൂരു: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളിയിലെ അഷ്‌റഫിന്റെ മൃതദേഹം മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി12.30ഓടെയാണ് ബന്ധുക്കൾ മംഗളൂരുവിൽ എത്തിയത്. അഷ്‌റഫിന്റെ സഹോദരൻ അബ്ദുൽ ജബ്ബാർ ഉൾപ്പെടെ മൂന്ന് കുടുംബാംഗങ്ങൾ വെൻലോക്ക് മോർച്ചറിയിൽ മൃതദേഹം തിരിച്ചറിഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച പുലർച്ചെ മൃതദേഹം കുടുംബത്തിന് കൈമാറി.
മൃതദേഹം മംഗളൂരു ബന്ദറിലെ സീനത്ത് ബക്ഷ് സെൻട്രൽ ജുമാ മസ്ജിദിലേക്കാണ് ആദ്യം എടുത്തത്.അവിടെ മയ്യിത്ത് നമസ്കാരം ഉൾപ്പെടെയുള്ള അന്തിമ ചടങ്ങുകൾ നടത്തി. പുലർച്ചെ നാലരയോടെ ആംബുലൻസിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി. മുൻ മേയർ കെ. അഷ്‌റഫ്, സുഹൈൽ കണ്ടക്, കെ.കെ.ഷാഹുൽ ഹമീദ്, ബി.കെ.ഇംതിയാസ്, സന്തോഷ് ബജാൽ, ജലീൽ കൃഷ്ണപുര, റിയാസ് കടമ്പു തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. അഷ്റഫിന് അപ്രതീക്ഷിതമായി വീട് വിട്ടുപോകുന്ന ശീലമുണ്ടായിരുന്നുവെന്ന് സഹോദരൻ ജബ്ബാർ പറഞ്ഞു. അദ്ദേഹം മംഗളൂരുവിലാണെന്ന് കുടുംബത്തിന് അടുത്തിടെ വിവരം ലഭിച്ചിരുന്നു.
മംഗളൂരു ആൾക്കൂട്ടകൊല ഗൗരവതരം- കർണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: മംഗളൂരു ആൾക്കൂട്ടകൊലക്കേസ് ഗൗരവമായി കാണുന്നുവെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. അന്വേഷണം പുരോഗതിയിലാണെന്നും മർദനമേറ്റ് കൊല്ലപ്പെട്ടയാൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചോ ഇല്ലയോ എന്നത് അന്വേഷണത്തിൽ വെളിപ്പെടുമെന്നും ബുധനാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടയാൾ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. പിടിയിലായ പ്രതികൾ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടയാൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് അവകാശപ്പെട്ടത്. ഇക്കാര്യം കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വാദം മാത്രമാണിത്. ഇതിനകം 20 ഓളം പേർ അറസ്റ്റിലായി. കേസ് വളരെ ഗൗരവമായാണ് കർണാടക സർക്കാർ കാണുന്നത്. വിശദ അന്വേഷണം നടന്നുവരികയാണ്. കളി കാണാൻ നിരവധി ആളുകൾ പോയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്. അന്വേഷണം വളരെ ഗൗരവത്തിലാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതും അന്വേഷണത്തിൽ പുറത്തുവരും. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ബംഗളൂരുവിൽ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ആര് പാകിസ്താന് അനുകൂലമായി സംസാരിച്ചാലും അത് തെറ്റാണെന്നും അത്തരം പ്രവൃത്തികൾ രാജ്യദ്രോഹ നടപടികളിലേക്ക് നയിക്കുമെന്നും പറഞ്ഞു. പാകിസ്താൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അതാരായാലും ശരിയല്ല. കേസിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആൾക്കൂട്ട കൊല മറച്ചുവെക്കാൻ പൊലീസ് ശ്രമിച്ചു-സി.പി.എം
മംഗളൂരു: കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതകം മറച്ചുവെക്കാൻ മംഗളൂരു പൊലീസ് കമീഷണറേറ്റ് മനഃപൂർവം ശ്രമിച്ചുവെന്ന് സി.പി.എം ദക്ഷിണ കന്നട ജില്ല കമ്മിറ്റി ആരോപിച്ചു. കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർതന്നെ ഈ ശ്രമത്തിന്റെ ശക്തമായ തെളിവാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഡുപ്പുവിലെ സാമ്രാട്ട് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഒരു മണിക്കൂറിനുള്ളിൽ വാമഞ്ചൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. വൈകീട്ട് അഞ്ച് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ ഇരയുടെ മൃതദേഹം കണ്ടെത്തി. അപ്പോഴേക്കും പൊലീസിന് മുഴുവൻ വിവരങ്ങളും അറിയാമായിരുന്നു. കമീഷണറെയും വിവരം അറിയിച്ചു.
എന്നാൽ, പ്രാദേശിക ബി.ജെ.പി നേതാക്കളുടെ അടുത്ത സഹായികളായി പറയപ്പെടുന്ന രവീന്ദ്ര നായക്, മഞ്ജുനാഥ് തുടങ്ങിയ പ്രധാന പ്രതികളുടെ പങ്കാളിത്തം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേസ് ദുർബലപ്പെടുത്താനോ ഒതുക്കിവെക്കാനോ പൊലീസ് തുനിഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിന് പൂർണമായി അറിയാമായിരുന്നിട്ടും ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമോ വീഴ്ചക്കുശേഷമോ ഇര മരിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്ന ഒരു ലുക്കൗട്ട് സർക്കുലർ അവർ പുറപ്പെടുവിച്ചു. ദൃശ്യമായ പരിക്കുകളെ ‘ചെറിയ പോറലുകളായി’ കുറച്ചുകാണിച്ചുവെന്ന് സി.പി.എം ജില്ല സെക്രട്ടറി മുനീർ കാട്ടിപള്ള പറഞ്ഞു.
വിവരങ്ങൾക്കും വ്യക്തതക്കുമായി മാധ്യമപ്രവർത്തകർ പൊലീസ് കമീഷണറെ സമീപിച്ചപ്പോൾ, ‘കാത്തിരിക്കുക, കിംവദന്തികളിൽ വിശ്വസിക്കരുത്’ എന്ന് മാത്രമാണ് അവരോട് പറഞ്ഞത്. കമീഷണർ 36 മണിക്കൂർ മൗനം പാലിച്ചു. തിങ്കളാഴ്ച രാഷ്ട്രീയനേതാക്കളും ആക്ടിവിസ്റ്റുകളും ശബ്ദമുയർത്തുകയും ഈ വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതിന് ശേഷമാണ് പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് സമ്മതിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവം നടന്ന് 32 മണിക്കൂറിനുശേഷം കൊലപാതകം, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരം അവർ ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
എഫ്.ഐ.ആറിലെ രണ്ടാമത്തെ പരാതിക്കാരൻ കേശവ് ആയിരുന്നു. ആൾക്കൂട്ട കൊലപാതകത്തിൽ ഉൾപ്പെട്ട അതേ വർഗീയ സംഘത്തിന്റെ അടുത്ത കൂട്ടാളിയാണിയാൾ എന്നാണ് റിപ്പോർട്ട്. അയാളുടെ മൊഴി പ്രകാരം ഇര പാടത്തേക്ക് ഓടുന്നതിനിടയിൽ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിച്ചുപറഞ്ഞു, ഇത് മഞ്ജുനാഥിനെയും സച്ചിനെയും മറ്റുള്ളവരെയും അയാൾ ദേശവിരുദ്ധനാണെന്ന് വിശ്വസിപ്പിച്ചു. അവർ അയാളെ പിന്തുടർന്ന് വടികളും ചവിട്ടുകളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി.
തടയാൻ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി സ്ഥലം വിട്ടതായി കേശവ് പറഞ്ഞു. മഞ്ജുനാഥ് പൊലീസിൽ പരാതി നൽകിയതായി പിന്നീടാണ് തനിക്ക് മനസ്സിലായത്. ആ നിർണായകമായ 32 മണിക്കൂറിനുള്ളിൽ നടന്ന സംഭവങ്ങളുടെ മുഴുവൻ ക്രമത്തെക്കുറിച്ചും സി.പി.എം ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ എന്തുകൊണ്ടാണ് പ്രാഥമിക പരാതി നൽകിയത്, പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതെന്ത്, ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് പൂർണമായ അറിവുണ്ടായിട്ടും ദുർബലമായ ഒരു യു.ഡി.ആർ ഫയൽ ചെയ്തത് എന്തുകൊണ്ട്, കമീഷണർ 36 മണിക്കൂർ മൗനം പാലിച്ചത് എന്തുകൊണ്ട്, പൊതുജന സമ്മർദം വർധിച്ചതിനുശേഷം മാത്രം രണ്ടാമത്തെ എഫ്.ഐ.ആർ ‘പാകിസ്താൻ’ ഉൾപ്പെടുന്ന ഒരു വർഗീയ വിവരണത്തെ ആശ്രയിച്ചത് എന്തുകൊണ്ട് - പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുനീർ കാട്ടിപ്പള്ള ആവശ്യപ്പെട്ടു.
ജില്ലക്ക് പുറത്തുനിന്നുള്ള മുതിർന്ന, നിഷ്പക്ഷനായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കണം. കൃത്യനിർവഹണത്തിലെ വീഴ്ചക്കും കേസ് മറച്ചുവെക്കാൻ ശ്രമിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് വാമഞ്ചൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവപ്രസാദ്, പൊലീസ് കമീഷണർ അനുപം അഗർവാൾ എന്നിവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.