ബംഗളൂരു: സർജാപുര-അത്തിബലെ റോഡിൽ ടെക്കിയുടെ കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമികൾ. കാർ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് കാർ തടഞ്ഞ സംഘം നടുറോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവിൽ വിലങ്ങനെ നിർത്തിയിട്ട സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചാണ് ടെക്കിയുടെ കുടുംബം സംഘത്തിൽനിന്ന് രക്ഷപ്പെട്ടത്. ടാലന്റ് ട്രാക്കർ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ചരൺ പാൽ സിങ്ങാണ് സമൂഹമാധ്യമമായ എക്സിൽ സംഭവത്തെ കുറിച്ച പോസ്റ്റിട്ടത്.
കാറിലെ ഡാഷ് ബോർഡ് കാമറയിൽ പതിഞ്ഞ സംഭവത്തിന്റെ വിഡിയോ ദൃശ്യം സഹിതമുള്ള പോസ്റ്റിൽ ബംഗളൂരു സിറ്റി പൊലീസിനെയും ബംഗളൂരു ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്.
ബംഗളൂരു നഗരത്തിലെ റോഡുകൾ സുരക്ഷിതമല്ലെന്നും പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ചരൺ പാൽ സിങ് പോസ്റ്റിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സർജാപുര പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ബൈക്കിൽ കാർ ഇടിച്ചിരുന്നില്ലെന്നും പണം തട്ടാൻ ഉദ്ദേശിച്ചുള്ള ആക്രമികളുടെ നീക്കമായിരുന്നു അതെന്നും പ്രതികൾ മദ്യപിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് നടക്കുന്നത്. സമാന സംഭവങ്ങൾ നഗരത്തിൽ പലയിടങ്ങളിലും മുമ്പ് അരങ്ങേറിയിരുന്നു. സർജാപുര റോഡിലടക്കം മിക്ക പ്രധാന പാതകളിലും ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകളില്ലാത്തത് ആക്രമികൾക്ക് സഹായകമാകുന്നതായി ചിലർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.