മംഗളൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ കാണാൻ കുടക് മടിക്കേരിയിലെത്തിയ യുവാവിനെ ആക്രമിച്ച് വസ്ത്രം അഴിപ്പിച്ച് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി. അർധ നഗ്നനായ ഇര രക്ഷപ്പെട്ട് ഓടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ സ്വദേശിയും ബംഗളൂരു ചാമരാജ്പേട്ടിൽ താമസക്കാരനുമായ എച്ച്.പി മഹാദേവയാണ് (39) ആക്രമണത്തിന് ഇരയായത്.
സിദ്ധാപുര റോഡിലെ അശോകപുരയിലുള്ള വീട്ടിൽനിന്ന് പ്രധാന പ്രതി രചനയെയും മാതാവ് മാലതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദിനേശ്, സുജിത്ത്, ദർശൻ എന്നിവർക്കായി തിരച്ചിൽ ആരംഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വടികളും കത്തിയും പൊലീസ് പിടിച്ചെടുത്തു.
മടിക്കേരി സ്വദേശിനിയായ രചന മഹാദേവനുമായി ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് രണ്ട് തവണയായി പതിനായിരം രൂപ വാങ്ങിയിരുന്നു. ഈ പണം തിരിച്ച് ചോദിച്ചപ്പോൾ രചന പരാതിക്കാരനെ മംഗളാദേവിനഗറിലെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഇതിനിടെ, രചനയുടെ മാതാവും ദിനേശ് എന്നയാളും ഓട്ടോയിൽ വീട്ടിലെത്തി. ദിനേശ് രചനയെയും മാതാവിനേയും പറഞ്ഞയച്ച് തന്റെ കൂട്ടാളികളായ സുജിത്തിനെയും ദർശനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയും നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.