ആർച്ച് ബിഷപ് ഡോ. പീറ്റർ
മച്ചാഡോ
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബംഗളൂരു രൂപത ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ. പാവപ്പെട്ടവർക്കും ദലിതർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ അത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവയ്ക്ക് ബംഗളൂരുവിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവർത്തന നിരോധന നിയമത്തിൽ സൗജന്യം നൽകി മതം മാറ്റരുതെന്ന പരാമർശമുണ്ട്. സൗജന്യം നൽകുന്നത് നിർത്തുമോ എന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കിൽ അത് ഞാനിനി ഇരട്ടിയായി ചെയ്യും. നല്ലത് ചെയ്യുന്നതിൽനിന്ന് നമ്മളെ തടയാൻ ആർക്കുമാകില്ല. സ്കൂളുകളിൽ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാൻ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, എത്ര കുട്ടികൾ ക്രിസ്ത്യൻ സ്കൂളുകളിൽനിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുത്ത് പുറത്തുവിടാൻ അദ്ദേഹം ബി.ജെ.പി സർക്കാറിനെ വെല്ലുവിളിച്ചു. കർണാടക സർക്കാർ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയപ്പോൾതന്നെ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ വിമർശനമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.