സ്ക്വാഡ് ബാഗ് പരിഷോധിക്കുന്നു
ബംഗളൂരു: വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കളുടെ ബാഗുകളും സംശയിക്കുന്നവരുടെ വാഹനങ്ങളും പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് ആന്റി-സ്റ്റാബിങ് സ്ക്വാഡുകൾ രൂപവത്കരിച്ച് തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞയാഴ്ച സിറ്റി ബസിലെ ജനലിനടുത്ത സീറ്റിനുവേണ്ടിയുള്ള വഴക്കിനെത്തുടർന്ന് രണ്ട് പ്രായപൂർത്തിയാകാത്തവർ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണിത്.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ പോക്കറ്റുകളിലും വാഹനങ്ങളിലും കത്തികൾ, വാളുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കൊണ്ടുപോകുന്നത് ആശങ്കാജനകമാണ്. പൊതുസ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ വാളുകൾ പ്രദർശിപ്പിക്കുന്നത് പോലുള്ള സംഭവങ്ങളും വർധിച്ചുവരുകയാണ്. ഗാന്ധി നഗർ റെയിൽവേ ട്രാക്കുകൾക്ക് സമീപം ആളുകളിൽ ഭയം ജനിപ്പിക്കുന്നതിനായി വാൾ പ്രദർശിപ്പിച്ചതിന് നഗരത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു.
സംശയിക്കപ്പെടുന്നവരുടെ ബാഗുകളും വാഹനങ്ങളും പരിശോധിക്കുന്നതിനായി ഓരോ ആന്റി-സ്റ്റാബിങ് സ്ക്വാഡ് ടീമിലും അഞ്ച് മുതൽ ആറ് വരെ ഉദ്യോഗസ്ഥർ ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ ഭൂഷൺ ബോറാസ് പറഞ്ഞു. ആയുധം കണ്ടെത്തിയാൽ ആ വ്യക്തിക്കെതിരെ ആയുധ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയാൾക്കെതിരെ ഒരു കുറ്റപത്രം തുറക്കുമെന്നും എല്ലാ ഉത്സവങ്ങളിലും ആ വ്യക്തി പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.