നിയമസഭ സ്പീക്കർ യു.ടി. ഖാദർ മംഗളൂരു സർക്യൂട്ട് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
മംഗളൂരു: ചരിത്രത്തിലാദ്യമായി സംസ്ഥാന നിയമസഭ സ്പീക്കർമാരുടെ അഖിലേന്ത്യ സമ്മേളനം അടുത്ത സെപ്റ്റംബർ എട്ട് മുതൽ 10 വരെ ബംഗളൂരുവിൽ സംഘടിപ്പിക്കുമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ (സി.പി.എ) ബാനറിൽ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, നിയമസഭകളുടെ ചെയർപേഴ്സൺമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺമാർ, നിയമസഭ സെക്രട്ടറിമാർ, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുൾപ്പെടെ 300 മുതൽ 350 വരെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്ര പ്രഭാഷകരും പങ്കെടുക്കും. 24 വർഷങ്ങൾക്കുമുമ്പ് സമാനമായ ഒരു യോഗം നടന്നിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ഈ സമ്മേളനം സി.പി.എ ചട്ടക്കൂടിന് കീഴിലാണ് സംഘടിപ്പിക്കുന്നതെന്ന് ഖാദർ പറഞ്ഞു. 25 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പരിപാടി ജനാധിപത്യ രീതികൾ, സദ്ഭരണം, പാർലമെന്ററി സ്ഥാപനങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക് എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദി ഒരുക്കും.
ഇതാദ്യമായാണ് കർണാടക ഇത്തരമൊരു സമ്മേളനം നടത്തുന്നത്. തന്റെയും നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടിയുടെയും കാലത്താണ് ഇത് സംഭവിക്കുന്നത്. മാതൃകാപരമായ രീതിയിൽ ഞങ്ങൾ പരിപാടി നടത്തും. പാർലമെന്ററി നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സ്പീക്കർമാരുടെ പങ്കും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
നേരത്തേ രാജസ്ഥാനിലും ന്യൂഡൽഹിയിലും അഖിലേന്ത്യാ സ്പീക്കർമാരുടെ സമ്മേളനം നടന്നതായി ഖാദർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ എട്ടിന് വൈകീട്ട് ആറുമണിക്ക് ബംഗളൂരുവിലെ വിധാന സൗധയുടെ പടികളിൽ കർണാടക മുഖ്യമന്ത്രിയുടെയും ലോക്സഭാ സ്പീക്കറുടെയും സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടക്കും. ലോക്സഭാ നേതൃത്വവുമായും ആതിഥേയ സംസ്ഥാനവുമായും കൂടിയാലോചിച്ചശേഷം പ്രമേയങ്ങളും മുഖ്യ പ്രഭാഷകരും അന്തിമരൂപം നൽകും.
കർണാടകയുടെ സാംസ്കാരികവും ചരിത്രപരവുമായ സ്മാരകങ്ങൾ സന്ദർശിക്കുന്നതിനായി സെപ്റ്റംബർ 11ന് പ്രതിനിധികൾക്കായി ഏകദിന ടൂർ സംഘടിപ്പിക്കും. മംഗളൂരു, മൈസൂരു, ബേലൂർ-ഹാലെബീഡു എന്നിവിടങ്ങളിലേക്ക് സന്ദർശനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. സി.പി.എയുടെ അന്താരാഷ്ട്ര സമ്മേളനം നവംബറിൽ ബെർമുഡയിൽ നടക്കുമെന്ന് ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.