ബംഗളൂരു: കാവേരിയുടെ പോഷകനദിയായ കബനി നദിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഞായറാഴ്ച പരമ്പരാഗത ആചാരമായ ‘ബാഗിന’ പൂജ നടത്തി. ശനിയാഴ്ച മൈസൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയായ ‘സാധന സമാവേശ’യിൽ സിദ്ധരാമയ്യ ശിവകുമാറിനെ അവഗണിച്ചതായി വിവാദമുയർന്നതിന് പിന്നാലെയാണ് ഞായറാഴ്ച ഇരുവരും ഒന്നിച്ച് കബനി നദിയിലെ പൂജക്കെത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മൈസൂരുവിലെ പരിപടിയിൽ സന്നിഹിതനായിരുന്നു. സമ്മേളനത്തെ അഭിസംബോധന ചെയ്ത് വേദിയിൽ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനിടെ, സിദ്ധരാമയ്യ ശിവകുമാറിന്റെ പേര് ഒഴിവാക്കിയതാണ് വിവാദത്തിനിടയാക്കിയത്. ശിവകുമാർ ഡൽഹിയിലേക്ക് പോകാൻ നേരത്തേ വേദി വിട്ടിരുന്നു. ഉപമുഖ്യമന്ത്രിയെ പരാമർശിക്കാൻ സിദ്ധരാമയ്യയെ ഒരു കോൺഗ്രസ് നേതാവ് ഓർമിപ്പിച്ചപ്പോൾ, ‘പ്രോട്ടോകോൾ പ്രകാരം വേദിയിലുള്ളവരെ മാത്രമേ പരാമർശിക്കാവൂ’ എന്ന് മുഖ്യമന്ത്രി മറുപടി നൽകി. ശിവകുമാറിനോടുള്ള അവഗണനയായി ഇതു ചൂണ്ടിക്കാട്ടി ബി.ജെ.പി വിഷയം കൊഴുപ്പിച്ചിരുന്നു. ബി.ജെ.പി അനാവശ്യ പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിന്നീട് വിമർശനമുയർത്തുകയും ചെയ്തു.
‘‘ശിവകുമാർ നേരത്തേതന്നെ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഡൽഹിയിലേക്ക് പോകുകയാണെന്ന് ഞങ്ങളെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തത്’’ -സിദ്ധരാമയ്യ വിശദീകരിച്ചു. വിവാദത്തെ തള്ളിയ ശിവകുമാർ, ബി.ജെ.പി നേതാക്കൾക്ക് തന്നോട് അമിതമായ സ്നേഹമാണെന്ന് കളിയാക്കി. ‘‘നിങ്ങൾ ശക്തരാകുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആരാധകരെ ആകർഷിക്കാൻ കഴിയു’’മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽനിന്ന് താൻ പോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.