ബംഗളൂരു: ജയിലിൽ കഴിയുന്ന കന്നട നടി രന്യ റാവുവിനെതിരെ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ (കോഫെപോസ) നിയമം ചുമത്തിയ നടപടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) കീഴിലുള്ള ഉപദേശക സമിതി ശരിവെച്ചു.
കോഫെപോസ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അറസ്റ്റിലായ തീയതി മുതൽ ഒരു വർഷത്തേക്ക് ജയിലിൽ കഴിയുന്ന നടി രന്യ റാവുവിന് ജാമ്യാപേക്ഷ സമർപ്പിക്കാൻ അനുവദിക്കരുതെന്ന് ബോർഡ് വ്യാഴാഴ്ച നിർദേശം നൽകി. ഈ നിർദേശത്തെത്തുടർന്ന് ഡി.ആർ.ഐ ജയിൽ അധികൃതരെ വിവരം അറിയിച്ചു.നേരത്തെ പ്രത്യേക കോടതി രന്യ റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പ്രത്യേക നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനാൽ അവരെ വിട്ടയച്ചില്ല.
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) ശിപാർശയുടെ അടിസ്ഥാനത്തിൽ, ധനമന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സി.ഇ.ഐ.ബി) സ്വർണക്കടത്ത് കേസിലെ നടിക്കും മറ്റ് പ്രതികൾക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. കോഫെപോസ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പ്രതികൾ ഒരു വർഷം വരെ കസ്റ്റഡിയിൽ കഴിയേണ്ടിവരും.
മേയ് 20ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി രന്യ റാവുവിന് സോപാധിക ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതിയായ തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. ഡി.ആർ.ഐ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യം തേടിയത്. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. സ്വർണ കള്ളക്കടത്ത് കേസിൽ മാർച്ച് മൂന്നിന് അറസ്റ്റിലായ രന്യ റാവു നാല് മാസമായി ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.