മംഗളൂരു: ദേശീയ പാതയിൽ ബി.സി റോഡ്, പണമ്പൂർ കവലകളിൽ ശനിയാഴ്ച പുലർച്ചയുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. ബംഗളൂരുവിൽനിന്ന് ഇന്നോവ കാറിൽ ഉഡുപ്പി ശ്രീകൃഷ്ണ മഠം തീർഥാടനത്തിന് വരുകയായിരുന്ന സംഘമാണ് ബി.സി റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്.
ബംഗളൂരു പീനിയ സ്വദേശികളായ വി. രവി (64), രമ്യ (25), നഞ്ചമ്മ (75) എന്നിവരാണ് ബി.സി റോഡ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ കീർത്തി, സുശീല, ബിന്ദു, പ്രശാന്ത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ സുബ്രഹ്മണ്യക്കും മറ്റൊരു യാത്രക്കാരനായ കിരണിനും നിസ്സാര പരിക്കേറ്റു.
പുലർച്ച 4.40ന് ബി.സി റോഡിലെ നാരായണ ഗുരു സർക്കിളിലാണ് അപകടം. ഇടിയുടെ ശക്തിയിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച രാവിലെ ദേശീയപാത 66ൽ പണമ്പൂർ സിഗ്നലിനു സമീപം ടാങ്കർ ലോറിയും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. ഉള്ളാൾ സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് കുഞ്ചി (25), കൊണാജെയിലെ മോണ്ടലടവ് സ്വദേശികളായ അബൂബക്കർ (65), ഇബ്രാഹിം (68) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആനന്ദ് സനിലിനും പരിക്കേറ്റു.
ലോറി ഡ്രൈവർ മുഹമ്മദ് ഷെയ്ക്കിനെ അറസ്റ്റുചെയ്തു. മുന്നിൽ ഒരു ടാങ്കർ നിർത്തിയിട്ടിരുന്നു, അതിന് പിന്നിലായി ഓട്ടോറിക്ഷ. പിന്നിൽനിന്ന് വന്ന മറ്റൊരു ടാങ്കർ ഓട്ടോറിക്ഷയിൽ ഇടിച്ചു. തുടർന്ന് അത് മുന്നിലുണ്ടായിരുന്ന കാറിലും പിന്നീട് മുന്നിലുള്ള മറ്റൊരു ടാങ്കറിലും ഇടിച്ചു.
രണ്ട് ടാങ്കറുകൾക്കിടയിൽ പെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലായിരുന്നു. റിക്ഷാ ഡ്രൈവറും രണ്ട് യാത്രക്കാരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.