ബംഗളൂരു: ബംഗളൂരു റൂറൽ ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ പതിനാറ് പേർക്ക് പരിക്കേറ്റു.
രണ്ടുപേരുടെ നില ഗുരുതരമാണ്. കേശവ റെഡ്ഡി (44), തുളസി (21), നപ്രണതി (നാല്), മരിയ (ഒന്ന്) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കോലാറിനും ഹോസ്കോട്ടിനും ഇടയിലുള്ള ദേശീയപാതയിൽ ഹോസ്കോട്ടെ താലൂക്കിലെ ഗോട്ടിപുര ഗേറ്റിലാണ് സംഭവം.
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് തിരുപ്പതിയിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
അപകടത്തിൽ ബസ് പൂർണമായും തകർന്നു. പരിക്കേറ്റവർ ഹോസ്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്കോട്ടിലെ ട്രാഫിക് പൊലീസ് കേസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.