ബംഗളൂരു: കലബുറഗിയിലും ദാവൻകരെയിലും നടന്ന അപകടങ്ങളിൽ ആകെ എട്ടുപേർ മരിച്ചു. കലബുറഗിയിൽ നടന്ന അപകടത്തിൽ 13 വയസ്സുകാരി അടക്കം അഞ്ചുപേരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച 3.30ന് ഇവർ സഞ്ചരിച്ച മിനി ബസ് ജാവറഗി നെലോഗി ക്രോസിന് സമീപം നിർത്തിയിട്ട ട്രക്കിലിടിച്ചുകയറിയാണ് അപകടം. ബാഗൽകോട്ട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. 11 പേർക്ക് പരിക്കേറ്റു.
ടയർ പഞ്ചറായതിനെ തുടർന്ന് റോഡിന്റെ ഇടതുവശത്തായാണ് ട്രക്ക് നിർത്തിയിട്ടിരുന്നത്. അഞ്ചുപേരും സംഭവസ്ഥലത്ത് മരണപ്പെട്ടതായി കലബുറഗി എസ്.പി ശ്രീനിവാസലു പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ദാവൻകരെയിൽ സംസ്ഥാന പാതയിൽ അത്തിഗരെ വില്ലേജിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ബെളഗാവി കഗ്വാദ് ഷിരുഗുപ്പ സ്വദേശികളായ ബസവരാജപ്പ (38), ശ്രീധർ (32), വിജയ് കുമാർ (35) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് അപകടം. ദാവൻകരെ ഭാഗത്തുനിന്ന് ശാന്തിബന്നൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപെട്ടവർ. ഇവർ സഞ്ചരിച്ച കാർ എതിരെവന്ന ബസിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മറ്റു രണ്ടു യാത്രികർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ദാവൻകരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.