ബംഗളൂരു: റോഡുകളുടെ നവീകരണം, വെള്ളപ്പൊക്കം ഒഴിവാക്കൽ, സബർബൻ റെയിൽവേ പദ്ധതി പൂർത്തീകരണം, മാലിന്യനിർമാർജനം, എല്ലാവർക്കും പ്രാപ്യമായ ചികിത്സസൗകര്യങ്ങൾ തുടങ്ങി നിരവധി പദ്ധതികളാണ് ബംഗളൂരു നഗരത്തിന്റെ വികസന പദ്ധതികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചത്.
- ബംഗളൂരുവിന്റെ സമഗ്രവികസനത്തിനായി 9698 കോടി രൂപ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പുതിയ റോഡ് നിർമാണം, വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള പദ്ധതി തുടങ്ങിയവയാണ് നടപ്പാക്കുക.
- ‘അമൃത് നഗരോത്ഥാന പദ്ധതി’യിൽ 6000 കോടി രൂപയുടെ പദ്ധതികൾ. ജനത്തിരക്കുള്ള ഇടനാഴി റോഡുകൾ 108 കിലോമീറ്റർ വികസിപ്പിക്കും. ഇതിന് 273 കോടി.
- മഴവെള്ളം ഒഴുകാനും വെള്ളക്കെട്ട് ഒഴിവാക്കാനുമായി 195 കിലോമീറ്റർ ഡ്രെയിനേജ്, കൽവർട്ടുകൾ എന്നിവയുടെ നവീകരണം നടത്തും. ഇതിനായി 1813 കോടി.
- ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി 350 കോടി ചെലവിൽ ടിൻ ഫാക്ടറി മുതൽ മേദഹള്ളി വരെ ആകാശപാത. യശ്വന്ത്പുർ റെയിൽവേ സ്റ്റേഷൻ മുതൽ മത്തിക്കെരെ, ബെൽ റോഡ് വരെ മേൽപ്പാത പണിയും.
- നഗരത്തിലെ 120 കിലോമീറ്റർ റോഡിൽ വെറ്റ്ടോപ്പിങ് നടത്തും. ഇതിന് 1000 കോടി രൂപ. 450 കോടി ചെലവിൽ പ്രധാന 300 കിലോമീറ്റർ റോഡ് നവീകരിക്കും.
- ബി.ബി.എം.പി പരിധിയിലെ 110 ഗ്രാമങ്ങളിലെ അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകൾ പുതുക്കിപ്പണിയും. ഇതിനായി 300 കോടി രൂപ.
- ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന് ഇതിന് ചുറ്റുമുള്ള റോഡുകൾ വികസിപ്പിക്കും. ഇതിനായി 300 കോടി രൂപ.
- നിലവിൽ നമ്മ മെട്രോ 56 കിലോമീറ്റർ ശൃംഖലയിലാണ് പ്രവർത്തിക്കുന്നത്. സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനെയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന 58.19 കിലോമീറ്റർ പാതയുടെ നിർമാണം നടക്കുകയാണ്. ഈ പാതയിൽ 30 സ്റ്റേഷനുകളാണുള്ളത്. നഗരത്തിലെ വിവിധ മെട്രോലൈനുകളിലായി ഈ വർഷം തന്നെ 40.15 കിലോമീറ്റർ പാത പ്രവർത്തനസജ്ജമാക്കും.
- ഗതാഗതക്കുരുക്ക് കുറക്കാനായി സാറ്റലൈറ്റ് ടൗൺ റിങ് റോഡ് നിർമിക്കും. സാറ്റലൈറ്റ് ടൗണുകളെ ബന്ധിപ്പിക്കുന്ന റിങ് റോഡാണിത്. ഇതിന്റെ ആകെ നീളം 288 കിലോമീറ്റർ. 13,139 കോടിയുടെ ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 30 ശതമാനം നൽകുക സംസ്ഥാന സർക്കാർ.
- ബി.ബി.എം.പി പരിധിയിലെ 110 ഗ്രാമങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള രണ്ടാംഘട്ട പദ്ധതിക്കായി സംസ്ഥാന സർക്കാർ 200 കോടി രൂപ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന് നൽകും.
- നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കും. ഓരോ വാർഡിലും ആധുനിക മാലിന്യസംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കും.
- ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തും. വാണിജ്യസമുച്ചയങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവയിൽനിന്നുള്ള മാലിന്യം അവിടെതന്നെ സംസ്കരിക്കാൻ നിർദേശിക്കും.
- നഗരപരിധിയിൽ 20 പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കും എന്ന പ്രഖ്യാപനം നടപ്പാക്കി. ബി.ബി.എം.പി സ്കൂളുകൾ 180 കോടി രൂപ ചെലവിൽ വികസിപ്പിക്കും. അമൃത നഗരോത്ഥാന സ്കീമിന് കീഴിലാണിത്. ഈ പദ്ധതി 2023-24ൽ പൂർത്തിയാക്കും.
- ഓരോ വർഷവും മരം നടൽ പദ്ധതിപ്രകാരം 2022-23 വരെ 10 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ചു. 2023-24 മുതൽ 15 ലക്ഷം തൈകളാണ് നടുക. വനംവകുപ്പുമായി സഹകരിച്ച് മൂന്ന് ഹൈടെക് നഴ്സറികൾ സ്ഥാപിക്കും.
- നിർഭയ സ്കീം വഴി സ്ത്രീസുരക്ഷാനഗര പദ്ധതി നടപ്പാക്കുന്നത് തുടരും. 4100 കാമറകൾ 1640 സ്ഥലങ്ങളിലായി സ്ഥാപിച്ചു. പദ്ധതിയുടെ പൂർത്തീകരണത്തിനായി 261 കോടി രൂപ.
- ജനത്തിരക്ക് കൂടുതലുള്ള ഇടങ്ങളിലെ മാർക്കറ്റുകൾ, വാണിജ്യസമുച്ചയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക ശൗചാലയങ്ങൾ സ്ഥാപിക്കും. ശുചിമുറി, പാലൂട്ടൽ സൗകര്യം, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം, അടിയന്തര സേവനത്തിന് അധികൃതരെ ബന്ധപ്പെടാനുള്ള സൗകര്യം തുടങ്ങിയവയടക്കം ഇവിടങ്ങളിൽ ഉണ്ടാകും. ഇതിനായി 50 കോടി അനുവദിച്ചു.
- കാവേരി ജലവിതരണ പദ്ധതിയുടെ അഞ്ചാം ഘട്ടം 2023-24ൽ പൂർത്തിയാക്കും. ജപ്പാൻ ഇന്റർനാഷനൽ കോഓപറേഷൻ ഏജൻസിയുടെ 5500 കോടിയുടെ സാമ്പത്തികസഹായത്തിലാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ 50 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കും.
- നമ്മ മെട്രോ മൂന്നാംഘട്ടം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതായിരുന്നു. 44.65 കിലോമീറ്റർ നീളമുള്ള 31 സ്റ്റേഷനുകളുള്ള രണ്ട് ഇടനാഴി പദ്ധതി സംബന്ധിച്ച വിശദ പദ്ധതിരേഖ കേന്ദ്ര സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. 16,328 കോടി രൂപയാണ് മതിപ്പുചെലവ്. കേന്ദ്ര അനുമതി ലഭിച്ചാൽ പ്രവൃത്തി തുടങ്ങും.
- സബ്അർബൻ റെയിൽവേ പദ്ധതി 2024-25ൽ പൂർത്തിയാക്കും. 15,767 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും അനുമതിയായി. ഈ വർഷം കേന്ദ്ര സർക്കാർ 1350 കോടിയും സംസ്ഥാന സർക്കാർ 1000 കോടിയും നൽകും.
- നഗരത്തിലെ വെള്ളപ്പൊക്കം തടയാനും കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ആഘാതം കുറക്കാനുമായി ലോകബാങ്കുമായി സഹകരിച്ച് 3000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മഴപെയ്യുമ്പോഴും മറ്റുമുള്ള വെള്ളത്തിന്റെ വരവും വെള്ളപ്പൊക്കവും തടയാൻ ചീർപ്പ് ഗേറ്റുകൾ സ്ഥാപിക്കും.
- ബി.ബി.എം.പിയുടെ പൊതുമുതൽ സംരക്ഷണത്തിന് 35 കോടിയുടെ വിവിധ പ്രവൃത്തികൾ.
- തിരക്കുള്ള 75 പ്രധാന ട്രാഫിക് ജങ്ഷനുകൾ നവീകരിക്കും. ഇത്തരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി 150 കോടി.
- ഗുണമേന്മയുള്ള ചികിത്സ നൽകാനായി 243 വാർഡുകളിൽ നമ്മ ക്ലിനിക്കുകൾ, 27 സ്മാർട്ട് വെർച്വൽ ക്ലിനിക്കുകൾ എന്നിവ കഴിഞ്ഞ ബജറ്റ്പ്ര ഖ്യാപനമാണ്. ഇതിൽ പലതും പ്രവർത്തനം തുടങ്ങി. ഇതിനു പുറമേ 50 ഡയാലിസിസ് ബെഡുകളും 300 ബെഡ് സൂപ്പർ സ്പെഷാലിറ്റി കേന്ദ്രങ്ങളും സ്ഥാപിച്ചു. ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്താനായി മഹാനഗര ഹെൽത്ത് അഡ്മിനിസ്ട്രേഷൻ സംവിധാനം ‘ബംഗളൂരു ഹെൽത്ത് സിസ്റ്റംസ്’ എന്നാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.