ബംഗളൂരു: ആറുമാസത്തിനിടെ നായ്ക്കളുടെ കടിയുമായി ബന്ധപ്പെട്ട് മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത് 9000ത്തിലേറെ കേസുകള്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മൈസൂരുവില്‍ മാത്രം 9428 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കടിയേറ്റവരില്‍ 1763 പേര് ഒരു വയസ്സിനും 12 വയസ്സിനുമിടയിലുള്ളവരാണ്.
840 പേര് 13 വയസ്സിനും 18 വയസ്സിനുമിടയിലുള്ള കൗമാരക്കാരും 6825 പേർ മുതിര്‍ന്നവരുമാണ്. 114 പേര് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയപ്പോൾ ബാക്കിയുള്ളവർ സർക്കാർ ആശുപത്രികളിലും ചികിത്സ തേടി.
കടിയേറ്റവരെല്ലാം കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ അപകടനില തരണം ചെയ്തിട്ടുണ്ട്. റാബീസ് രോഗം മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരിലൂടെയാണ്. മൃഗങ്ങളുടെ കടി, പോറലുകള്‍, നക്കൽ എന്നിവയിലൂടെ മനുഷ്യശരീരത്തിലെ മുറിവുകളിലേക്ക് ഉമിനീര് എത്തുകയും അതുവഴി അണുബാധ ഉണ്ടാവുകയുമാണ് ചെയ്യുന്നതെന്ന് മൈസൂരു ജില്ല ആരോഗ്യ ഓഫിസര്‍ ഡോ. പി.സി. കുമാരസ്വാമി പറഞ്ഞു.
പേപ്പട്ടിയുടെ കടിയിലൂടെയുള്ള അണുബാധ സാധാരണ നായ്ക്കളുടെ കടിയിലൂടെയുണ്ടാകുന്ന അണുബാധയേക്കാൾ 97 ശതമാനം കൂടുതലാണ്. ആഴത്തിലുള്ള മുറിവ്, കടി എന്നിവ മുഖത്തോ നെഞ്ചിലോ ഏല്ക്കുകയാണെങ്കില് അപകട സാധ്യത കൂടും. നായ്ക്കളുടെ കടിയേറ്റ ഉടനെ മുറിവ് നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക, ആന്റി റാബിസ് വാക്സിന് (എ.ആര്.വി) എടുക്കുക എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ അണുബാധ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നായ്ക്കളുടെ കടിയേറ്റവര്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സ നടപടികള്‍, അപകട സാധ്യതകള്‍, പരിചരണം എന്നിവയെക്കുറിച്ചുള്ള ബോധ വത്കരണം, വീടുകള്‍ തോറും ലഘു ലേഖകള്‍ വിതരണം തുടങ്ങി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.നായ്ക്കളുടെ കടിയേറ്റാല്‍ കടിയേറ്റ ഭാഗം ഉടന്‍തന്നെ ഒഴുകുന്ന വെള്ളത്തില്‍ 10 മിനിറ്റ് നേരം സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകുകയും സ്പിരിറ്റ് അല്ലെങ്കില്‍ അയഡിന്‍ പോലുള്ള ആന്റി സെപ്റ്റിക് ഉപയോഗിച്ച് അണുമുക്തമാക്കുകയും വേണം.
തുടർന്ന് തൊട്ടടുത്തുള്ള എ.ആര്.വി ക്ലിനിക്കില്‍നിന്ന് ആന്റി റാബിസ് വാക്സിനേഷന് ഉടന്‍ എടുക്കണം. ഒറ്റ ഡോസ് വാക്സിനേഷന് എടുത്തു ചികിത്സ അവസാനിപ്പിക്കുന്നതിന് പകരം ഒരു വാക്സിൻ കോഴ്സ് പൂര്‍ണമായും എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. പാരമ്പര്യ ചികിത്സകളായ മഞ്ഞള്‍പൊടി തേക്കുക, കുമ്മായം, എണ്ണ, മണ്ണ് തുടങ്ങിയവ മുറിവില്‍ പുരട്ടുന്നതും മുറിവ് തുണി ഉപയോഗിച്ച് കെട്ടുന്നതും ചികിത്സ വൈകിപ്പിക്കുകയും അണുബാധ വര്‍ധിക്കാനും കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.