ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റി സ്ഥാപിതമായതിന് തൊട്ടു പിറകെ 90,000 കിലോ നിരോധിക്കപ്പെട്ട ഒറ്റത്തവണ പ്ലാസ്റ്റിക് പിടിച്ചെടുത്തു. 158 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7.38 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ പ്ലാസ്റ്റിക്കിന് നഗരത്തിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയെങ്കിലും പലയിടത്തും വൻതോതിൽ പ്ലാസ്റ്റിക് കവറുകളുടെ ശേഖരണവും വിൽപനയും കണ്ടെത്തി.
ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എ.എൽ) വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, നിർമാതാക്കൾ എന്നിവരുടെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. കെ.ആർ മാർക്കറ്റിൽനിന്ന് ഒരു ലക്ഷം രൂപ വിലയുള്ള വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഗോഡൗൺ സീൽ ചെയ്തു.
പരിസ്ഥിതി സൗഹൃദ വസ്തുക്കളായ തുണിസഞ്ചി പോലുള്ളവ ഉപയോഗിക്കാൻ വ്യാപാരികളോടും ജനങ്ങളോടും ബി.എസ്.ഡബ്ല്യു.എ.എൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കരീഗൗഡ പറഞ്ഞു.
കെ.ആർ മാർക്കറ്റ് എ ബ്ലോക്കിൽനിന്ന് മൂന്നു കേസുകളിലായി 29 കിലോ പ്ലാസ്റ്റിക് കണ്ടെത്തുകയും 30,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കെ.ആർ മാർക്കറ്റ് സി ബ്ലോക്ക് 22 കേസുകൾ 6310 കിലോ പ്ലാസ്റ്റിക്-3500 പിഴ, അവന്യൂ റോഡ് (ബി ബ്ലോക്ക്) -17 കേസുകൾ, 300 കിലോ പ്ലാസ്റ്റിക് -40,000 പിഴ, കലാസിപാളയ -24 കേസുകൾ, 150 കിലോ പ്ലാസ്റ്റിക് -45,900 പിഴ, യശ്വന്ത്പുർ മാർക്കറ്റ് -27 കേസുകൾ, 110 കിലോ പ്ലാസ്റ്റിക് -61,800 പിഴ, പീനിയ ഇൻഡസ്ട്രിയൽ ഏരിയ -27 കേസുകൾ, 450 കിലോ പ്ലാസ്റ്റിക് -1,00,500 പിഴ, ദാസറഹള്ളി -1 കേസ്, 218 കിലോ പ്ലാസ്റ്റിക് -50,000 പിഴ, ചാമരാജ് പേട്ട് - 37 കേസ്, 2000 കിലോ പ്ലാസ്റ്റിക് -4.07 ലക്ഷം പിഴ എന്നിങ്ങനെയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.