ബംഗളൂരു: കാലവർഷത്തിനു മുന്നോടിയായി ഏപ്രിൽ മുതൽ പെയ്ത വേനൽമഴയിൽ കർണാടകയിൽ ആകെ 71 മരണം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസ് അറിയിച്ചു. ഈ വർഷത്തെ പ്രീമൺസൂൺ മഴ കഴിഞ്ഞ 125 വർഷത്തിനിടയിലെ പ്രീമൺസൂൺ സീസണുകളിലും മേയ് മാസത്തിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ്.
മേയ് മാസത്തിൽ സംസ്ഥാനത്ത് ശരാശരി 74 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ 219 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരി സാധാരണ മഴയേക്കാൾ 197 ശതമാനം കൂടുതലാണിത്. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള പ്രീമൺസൂൺ കാലയളവിൽ സംസ്ഥാനത്ത് സാധാരണയായി 115 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്, എന്നാൽ, ഇത്തവണ 286 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതു ശരാശരി സാധാരണ മഴയേക്കാൾ 149 ശതമാനം കൂടുതലാണ്.
സംസ്ഥാനത്തുടനീളം ഇടിമിന്നലിന്റെയും കനത്ത കാറ്റിന്റെയും അകമ്പടിയോടെയായിരുന്നു മഴ. എല്ലാ ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു. പ്രീമൺസൂൺ കാലയളവിൽ മിന്നലേറ്റ് 48 പേർ മരിച്ചു. മരങ്ങൾ കടപുഴകി ഒമ്പതു പേരും വീട് തകർന്ന് അഞ്ചു പേരും മരിച്ചു.
മുങ്ങിത്താഴ്ന്നുണ്ടായ അപകടത്തിൽ നാലും മണ്ണിടിച്ചിലിൽ നാലും വൈദ്യുതാഘാതമേറ്റ് ഒരാളും മരിച്ചു. മരണപ്പെട്ടവരുടെ അവകാശികൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര നഷ്ടപരിഹാരം വിതരണം ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മഴയിലും വെള്ളപ്പൊക്കത്തിലും വളർത്തുമൃഗങ്ങളെയും നഷ്ടമായിട്ടുണ്ട്. ആകെ 702 വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടു. ഇതിൽ 698 കേസുകളിൽ ബന്ധപ്പെട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. 2068 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതിൽ 1926 വീടുകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. ആകെ 15,378.32 ഹെക്ടർ വിള നാശനഷ്ടമുണ്ടായി.
വിളനാശത്തിന്റെ വിശദാംശങ്ങൾ നഷ്ടപരിഹാര സോഫ്റ്റ്വെയറിൽ രേഖപ്പെടുത്താൻ നൽകിയിട്ടുണ്ടെന്നും നഷ്ടപരിഹാരം നൽകൽ പ്രക്രിയ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്ത് ആകെ അഞ്ച് എൻ.ഡി.ആർ.എഫ് ടീമുകളുണ്ട്, അതിൽ നാല് ടീമുകൾ ഇതിനകംതന്നെ മൺസൂൺ സീസണിൽ അടിയന്തര പ്രതികരണത്തിനായി കുടക്, ദക്ഷിണ കന്നട, ഉടുപ്പി, ഉത്തര കന്നട ജില്ലകൾക്കായി ഓരോ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
മേയ് 31ലെ കണക്കനുസരിച്ച്, സംസ്ഥാനത്തെ 14 പ്രധാന ജലസംഭരണികളിലെ മൊത്തം സംഭരണശേഷി 316.01 ടി.എം.സി ആയിരുന്നു. ഇതു മൊത്തം സംഭരണശേഷിയുടെ (895.62 ടി.എം.സി) 35 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 179.95 ടി.എം.സി (ശേഷിയുടെ ഏകദേശം 20 ശതമാനം) ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.