രാം പ്രസാദ് മനോഹർ
മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി എന്നീ തീരദേശ ജില്ലകളിൽ തടസ്സമില്ലാത്തതും ഗുണനിലവാരമുള്ളതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കടണ്ടലെ 400 കെവി പവർ സബ്സ്റ്റേഷൻ പദ്ധതി ജൂലൈ 15 നകം പൂർത്തിയാക്കാൻ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ )ലക്ഷ്യമിടുന്നതായി മാനേജിങ് ഡയറക്ടർ രാം പ്രസാദ് മനോഹർ പറഞ്ഞു. സംസ്ഥാന ഊർജ മന്ത്രി കെ.ജെ. ജോർജിന്റെ നിർദേശപ്രകാരം പദ്ധതി പ്രദേശം സന്ദർശിച്ച് പുരോഗതി അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണ കന്നട ജില്ലയിൽ മൂഡ്ബിദ്രി താലൂക്കിലെ കടണ്ടലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പദ്ധതി ഭൂമി ഏറ്റെടുക്കൽ സംബന്ധമായ കേസുകൾ കാരണം മൂന്ന് വർഷമായി മുടങ്ങിക്കിടന്നിരുന്നു.ഊർജ മന്ത്രി ജോർജിന്റെയും ഊർജ്ജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെയും നിരന്തര പരിശ്രമത്തിലൂടെ തടസ്സങ്ങൾ വിജയകരമായി പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. കർണാടകയിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നാണ് മംഗളൂരു. മന്ത്രിയുടെ നിർദേശപ്രകാരം, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി പൂർത്തിയാക്കാനും പ്രസരണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാനും ഞങ്ങൾ ശ്രമിക്കുമെന്ന് മനോഹർ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വ്യാവസായിക വാണിജ്യ മേഖലകളായ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളുടെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ കടണ്ടേൽ കെ.വി സബ്സ്റ്റേഷൻ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തീരദേശ മേഖലയിലെ ആവർത്തിച്ചുള്ള മൺസൂൺ സംബന്ധമായ വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾക്കും ലോ-വോൾട്ടേജ് പ്രശ്നങ്ങൾക്കും ദീർഘകാല പരിഹാരം ഈ പദ്ധതി നൽകും. പുതിയ സബ്സ്റ്റേഷൻ ഗ്രിഡ് സ്ഥിരത മെച്ചപ്പെടുത്തുകയും മേഖലയിലേക്ക് വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യും.
ഏതെങ്കിലും ഒരു സ്റ്റേഷനിൽ സാങ്കേതിക തകരാർ സംഭവിച്ചാൽ ഈ സബ്സ്റ്റേഷൻ വഴി ലോഡ് വേഗത്തിൽ വഴിതിരിച്ചുവിടാൻ കഴിയും. ഇത് വൈദ്യുതി വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ പ്രാപ്തമാക്കുമെന്ന് മനോഹർ വിശദീകരിച്ചു. പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ ഈ മാസം 24ന് മുമ്പ് നിലവിലുള്ള 400 കെവി യുപിസിഎൽ-ഹെബ്ബനഹള്ളി ട്രാൻസ് മിഷൻ കോറിഡോറിൽ ലൈൻ ക്ലിയറൻസ് നേടാൻ കെപിടിസിഎൽ പദ്ധതിയിടുന്നു. ഈ കാലയളവിൽ ട്രാൻസ്മിഷൻ ലോഡുകൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യകതക്ക് അനുസൃതമായി വിതരണം നിലനിർത്തുന്നതിനുമുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതികമായി അത്യാവശ്യമായ സാഹചര്യങ്ങളിൽ ഹ്രസ്വകാല ലോഡ് ഷെഡിങ് ഒഴിവാക്കാനാവില്ല. മംഗളൂരുവിന്റെയും തീരദേശ മേഖലയുടെയും ദീർഘകാല ഊർജ സുരക്ഷക്ക് ഈ പദ്ധതി നിർണായകമാണ്. ഈ താൽക്കാലിക പ്രവർത്തന ഘട്ടത്തിൽ ഉപഭോക്താക്കളും പൊതുജനങ്ങളും അവരുടെ സഹകരണം നൽകണമെന്ന് കെപിടിസിഎൽ എംഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.