ബംഗളൂരു: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ പ്രജാസേവ വകുപ്പ് എന്നപേരില്‍ പുതിയ വകുപ്പ് സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച പ്രഖ്യാപിച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും ജില്ല ചുമതലയുള്ള മന്ത്രിമാര്‍ നിത്യവും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തണം.
ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു. മന്ത്രിമാരുടെ സന്ദര്‍ശന വേളകളിലും പ്രതിഷേധങ്ങൾ നടക്കുമ്പോഴുമെല്ലാം ജനങ്ങള്‍ക്കുണ്ടാകുന്ന വികാരങ്ങളോടും പ്രശ്നങ്ങളോടും പ്രതികരിക്കാന്‍ സര്‍ക്കാറിന് സാധിക്കണം. ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനായാണ് ഒരു പ്രത്യേക മന്ത്രിയും പ്രത്യേക ഭരണ സംവിധാനവും ഉൾപ്പെടുന്ന പ്രജാസേവ വകുപ്പ് സർക്കാർ സ്ഥാപിക്കുന്നത്.
നിവേദനങ്ങൾ പരിശോധിക്കുക, ഭരണകൂടത്തിൽനിന്ന് സമയബന്ധിതമായ പ്രതികരണങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക എന്നിവ വകുപ്പിന്റെ കീഴിലായിരിക്കും. പരാതി നിരീക്ഷണത്തിനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി 224 നിയമസഭാ മണ്ഡലങ്ങളിലെയും ജില്ലാ മന്ത്രിമാർ തദ്ദേശ നിയമസഭാംഗങ്ങളുടെ സാന്നിധ്യത്തിൽ താലൂക്ക് തലത്തിൽ ആഴ്ചതോറും പരാതി പരിഹാര, പൊതുജന സമ്പർക്ക യോഗങ്ങൾ നിർബന്ധമായും നടത്തണം. മുഖ്യമന്ത്രി നേരിട്ട് സ്വീകരിക്കുന്ന നിവേദനങ്ങൾ ഉൾപ്പെടെ മന്ത്രിമാർക്ക് സമർപ്പിക്കുന്ന നിവേദനങ്ങൾ വകുപ്പ് വഴി അവലോകനത്തിനും തുടർനടപടികൾക്കുമായി അയക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.