പ്രതീകാത്മക
മംഗളൂരു: സുറത്കലിനടുത്ത് ബൈക്കംപടി വ്യവസായ എസ്റ്റേറ്റിലെ മത്സ്യ സംസ്കരണ യൂനിറ്റിൽ വെള്ളിയാഴ്ച അമോണിയ ചോർന്നതിനെത്തുടർന്ന് 25ലധികം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റിലെ റഫ്രിജറേഷൻ സംവിധാനത്തിൽനിന്ന് ചോർച്ച ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട തൊഴിലാളികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്.
മംഗളൂരു സിറ്റി പൊലീസും ഫയർ ആൻഡ് എമർജൻസി സർവിസസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ചോർച്ചയുടെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷ പ്രോട്ടോകോളുകൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അധികൃതർ അന്വേഷണം ആരംഭിച്ചു.
ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ സ്ഥലം സന്ദർശിച്ച് ദുരിതബാധിത തൊഴിലാളികളുടെ അവസ്ഥ അവലോകനം ചെയ്തു. യൂനിറ്റിന്റെ വിശദമായ പരിശോധന നടന്നുവരുകയാണ്. മുൻകരുതൽ എന്ന നിലയിൽ ഫാക്ടറി താൽക്കാലികമായി പൂട്ടിയിരിക്കുകയാണെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി സുരക്ഷ ഓഡിറ്റ് നടത്തുമെന്നും കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.