ബംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 14 വിദേശ പൗരന്മാർ ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 7.7 കോടി രൂപയുടെ മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തു. 2.804 കിലോ എം.ഡി.എം.എ ക്രിസ്റ്റലുകളും 2.100 കിലോ ഹൈഡ്രോ-കഞ്ചാവുമാണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ നാലുപേർ വനിതകളാണ്.
എസ്.ജി പാല്യ പ്രദേശത്ത് മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരുന്ന നൈജീരിയൻ വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഏകദേശം 1.52 കോടി രൂപ വിലമതിക്കുന്ന 60 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയുടെ പക്കൽ സാധുവായ താമസ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും നഗരത്തിൽ മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
രണ്ടാമത്തെ ഏകോപിത ഓപറേഷനിൽ മഹാദേവപുരയിലെ ബി നാരായണപുരയിൽ വീട് റെയ്ഡ് ചെയ്ത് അഞ്ച് പ്രാദേശിക മയക്കുമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 600 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. ശൃംഖലയുടെ ചുരുളഴിയുന്നത് തുടരാൻ പൊലീസ് അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പ്രധാന പ്രതിയായ ഇവരുടെ വിതരണക്കാരൻ നിലവിൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു റെയ്ഡിൽ കെനിയൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. 4.08 കോടി രൂപ വിലമതിക്കുന്ന 2.044 കിലോ എം.ഡി.എം.എ സി.സി.ബി ഉദ്യോഗസ്ഥർ കണ്ടെടുത്തു. സലൂണിൽ ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ വർഷം ടൂറിസ്റ്റ് വിസയിലാണ് രാജ്യത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. താൻസനിയ, നൈജീരിയ എന്നിവിടങ്ങളിനിന്ന് ഒളിച്ചോടിയ രണ്ട് പ്രതികളിൽനിന്നാണ് അവർ മയക്കുമരുന്ന് വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു.
കെ.ജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫോറിൻ പോസ്റ്റ് ഓഫിസിൽ സി.സി.ബിയുടെ മറ്റൊരു സംഘം 1.5 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് അടങ്ങിയ പാർസലുകൾ പിടിച്ചെടുത്തു. തായ്‌ലൻഡിൽനിന്നും ഫ്രാൻസിൽനിന്നും പാർസലുകൾ അയച്ചതാണെന്ന് പൊലീസ് പറഞ്ഞു. സ്വീകർത്താക്കളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.