മംഗളൂരു: ഗതാഗത സുരക്ഷാ ബോധവത്കരണ പരിപാടികളിൽ ഗണ്യമായ വർധനയുണ്ടായിട്ടും മംഗളൂരുവിൽ അപകടങ്ങളുടെ എണ്ണത്തിൽ കുറവില്ല. 2024ൽ 160 ഗുരുതര അപകടങ്ങളിൽ 165 പേർ മരിച്ചുവെന്ന് മംഗളൂരു പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
ഫോറം ഫിസ മാളിൽ ദേശീയ റോഡ് സുരക്ഷാ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗളൂരുവിലെ അപകടങ്ങളിലൂടെ 110 കുടുംബങ്ങൾക്ക് അത്താണികളാണ് നഷ്ടമായത്.
2024ൽ 80,000ത്തിലധികം വിദ്യാർഥികളെ ഉൾപ്പെടുത്തി 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊലീസ് ബോധവത്കരണ പരിപാടി നടത്തിയിട്ടും അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. ആഴ്ച മുമ്പ് ഒരു പെൺകുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞ പൊലീസ് കോൺസ്റ്റബ്ൾ മോട്ടോർ സൈക്കിളിൽനിന്ന് വീണു മരിച്ചു. അദ്ദേഹം ശരിയായ രീതിയിൽ ഹെൽമെറ്റ് ധരിച്ചിരുന്നില്ല, വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
അസി. പൊലീസ് കമീഷണർ (ട്രാഫിക്) നജ്മ ഫാറൂഖി, ചലച്ചിത്ര നടൻ അരവിന്ദ് ബോലാർ, സീനിയർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ശ്രീധർ മല്ലാഡ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രമസമാധാനം) സിദ്ധാർഥ് ഗോയൽ, ഡി.സി.പി (ക്രൈം ആൻഡ് ട്രാഫിക്) കെ. രവിശങ്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.