1.ബി.ജെ.പി പങ്കുവെച്ച പോസ്റ്റർ, 2.ഡി.കെ. ശിവകുമാർ

വിമർശനം ജനാധിപത്യത്തിന്റെ ഭാഗം, പക്ഷേ അതിന് പരിധിയുണ്ട്; ബി.ജെ.പിക്കെതിരെ ഡി.കെ. ശിവകുമാർ

ബെംഗളൂരു: ജനാധിപത്യത്തിൽ വിമർശനങ്ങൾ സ്വാഗതാർഹമാണെങ്കിലും അവയ്ക്ക് കൃത്യമായ പരിധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് സർക്കാരിനെ അധിക്ഷേപിച്ചുകൊണ്ട് ബി.ജെ.പി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച 'സ്‌കാം ലോർഡ്‌സ്' (Scam Lords) എന്ന പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തെ പ്രതിപക്ഷ പാർട്ടികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി 'അഴിമതി പ്രഭുക്കന്മാർ' എന്ന അടിക്കുറിപ്പോടെയാണ് ബി.ജെ.പി കർണാടക ഘടകം പോസ്റ്റ് പങ്കുവെച്ചത്. കർണാടകയെ കോൺഗ്രസ് രാപ്പകൽ വ്യത്യാസമില്ലാതെ കൊള്ളയടിക്കുകയാണെന്നും പോസ്റ്ററിൽ ആരോപിച്ചിരുന്നു. 'പ്രതിപക്ഷം ഞങ്ങളെ വിമർശിക്കുന്നതും ഞങ്ങൾ തിരിച്ച് വിമർശിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്. ബി.ജെ.പി ആ പരിധി ലംഘിച്ചിരിക്കുന്നു.' എന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനായി കോൺഗ്രസ് പങ്കുവെച്ച മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ബി.ജെ.പി ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, 'അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ' എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ബി.ജെ.പിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട പരാതിയിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ പോസ്റ്റ് വ്യക്തിഹത്യ നടത്തുന്നതും അടിസ്ഥാനരഹിതവുമാണെന്ന് കാണിച്ച് കർണാടക കോൺഗ്രസ് ബെംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജനപ്രതിനിധികളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും സമൂഹത്തിൽ ആശയക്കുഴപ്പവും അശാന്തിയും സൃഷ്ടിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കർണാടക കോൺഗ്രസ് ആരോപിച്ചു. നിയമം നൽകുന്ന സ്വാതന്ത്ര്യത്തെ ആരും ദുരുപയോഗം ചെയ്യരുതെന്നും അതുകൊണ്ടാണ് നിയമപരമായ വഴി തേടാൻ നിർബന്ധിതരായതെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. മന്ത്രിമാരായ സന്തോഷ് ലാഡ്, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ എന്നിവരുടെ ചിത്രങ്ങളും ബി.ജെ.പി പങ്കുവെച്ച വിവാദ പോസ്റ്റിലുണ്ടായിരുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Criticism is part of democracy, but it has its limits; DK Shivakumar against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.