ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ മണ്ഡലത്തിലെ പദ്ധതികൾ മുഖ്യമന്ത്രി സിദ്ധരാമയ്യ
ഉദ്ഘാടനം ചെയ്യുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമീപം
ബംഗളൂരു: നഗരത്തിന്റെ ആസൂത്രിതവും വ്യവസ്ഥാപിതവുമായ വികസനം ഉറപ്പാക്കാൻ 1.2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ ഔട്ടർ റിങ് റോഡുകൾ, ടണൽ റോഡുകൾ, ഫ്ലൈ ഓവറുകൾ, ഡബ്ൾ ഡെക്കർ റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പ്രതിനിധാനം ചെയ്യുന്ന ഗാന്ധിനഗർ നിയമസഭ മണ്ഡലത്തിലെ ചിക്പേട്ടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രദേശത്തെ റോഡുകളുടെ വൈറ്റ്-ടോപ്പിങ്ങിന് തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു അതിവേഗം വളരുകയാണ്. വർധിച്ചുവരുന്ന ജനസംഖ്യയനുസരിച്ച്, നഗരത്തിലെ റോഡുകളുടെ നവീകരണത്തിനും വികസനത്തിനും സർക്കാർ ഗണ്യമായ ഫണ്ട് അനുവദിക്കുന്നുണ്ട്. ബംഗളൂരു മെട്രോ പദ്ധതിയുടെ 87 ശതമാനവും സംസ്ഥാന സർക്കാറിന്റെ ധനസഹായമാണ്. എന്നിട്ടും ഇത് കേന്ദ്ര സർക്കാർ പദ്ധതിയാണെന്ന് ബി.ജെ.പി തെറ്റായി അവകാശപ്പെടുന്നു.
കേന്ദ്രത്തിൽനിന്ന് ഒരു പൈസ പോലും സ്വീകരിക്കാതെയാണ് 1.2 ലക്ഷം കോടി രൂപ ചെലവിൽ ബംഗളൂരുവിന്റെ വികസനം ഏറ്റെടുക്കുന്നത്. ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ പുതിയ റോഡ് പോലും നിർമിച്ചില്ല. നിലവിലുള്ള എല്ലാ റോഡുകളും കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വികസിപ്പിച്ചത്. എല്ലാ കുഴികളും അടച്ച് ഒരാഴ്ചക്കുള്ളിൽ റോഡുകളിൽ ഒരു പാളി ടാർ ഇടാൻ മുഖ്യമന്ത്രി ബി.ബി.എം.പി ചീഫ് കമീഷണർ മഹേശ്വര റാവുവിന് നിർദേശം നൽകി.
ആർ. അശോക, ബി.വൈ. വിജയേന്ദ്ര തുടങ്ങിയ ബി.ജെ.പി നേതാക്കൾക്ക് സ്വന്തമായി ശബ്ദമില്ലെന്നും ആർ.എസ്.എസ് എഴുതുന്നത് വായിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തേജസ്വി സൂര്യ എം.പിയെ ‘അമാവാസി സൂര്യൻ’ (പ്രകാശിക്കാത്ത സൂര്യൻ) എന്നു വിളിച്ച മുഖ്യമന്ത്രി മോദി സർക്കാർ കർണാടകയോട് ചെയ്ത അനീതിയെയും വഞ്ചനയെയും കുറിച്ച് അദ്ദേഹം ഇന്നുവരെ ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ എന്നും ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.