സു​മ​ന​ഹ​ള്ളി​യി​ലെ ഗാ​രേ​ജി​ൽ തു​രു​മ്പെ​ടു​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ

വേണം,108 ആംബുലൻസുകൾക്ക് അടിയന്തര ചികിത്സ

ബംഗളൂരു: മഹാനഗരമായ ബംഗളൂരു. ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) അതായത് ഒമ്പതു ജില്ലകൾ വരുന്ന മുനിസിപ്പൽ കോർപറേഷൻ. ഇത്രയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ അപകടങ്ങൾ പോലുള്ള അത്യാഹിത സംഭവങ്ങൾ എപ്പോഴും സംഭവിക്കാവുന്നതാണ്. എന്നാൽ അടിയന്തര സർവിസ് നടത്താനുള്ള ആംബുലൻസുകളുടെ കാര്യക്ഷമത ഏറെ പിന്നിലും. ആദ്യം അത്യാധുനിക ചികിത്സ വേണ്ടത് ഇത്തരം ആംബുലൻസുകൾക്കാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

സംസ്ഥാന സക്കാറിന്‍റെ 'ആരോഗ്യ കവച പദ്ധതി'യിലൂടെയാണ് സൗജന്യ ആരോഗ്യ സേവനം നൽകുന്ന 108 ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. 108 എന്ന നമ്പറിൽ വിളിച്ചാൽ ആംബുലൻസുകൾ അപകടസ്ഥലത്ത് കുതിച്ചെത്തും. എന്നാൽ പല ആംബുലൻസുകളും ഇപ്പോൾ രോഗക്കിടക്കയിലാണ്.

ബാം​ഗ്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ൻ​ഡ്​ റി​സ​ർ​ച്ച്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെട്രോ​മ​കെ​യ​ർ സെ​ന്‍റ​ർ

കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഇവ ധൈര്യമായി അടിയന്തരഘട്ടത്തിൽ ഓടിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഡ്രൈവർമാരും പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായ സന്നദ്ധസംഘടനയായ ജി.വി.കെ ഇ.എം.ആർ.ഐയുമായി സഹകരിച്ചാണ് സർക്കാർ ആരോഗ്യ കവച പദ്ധതി നടത്തുന്നത്. ഒരു ആംബുലൻസിൽ ഡ്രൈവർ (പൈലറ്റ്), എമർജൻസി മെഡിക്കൽ ടെക്നീഷ്യൻസ് (ഇ.എം.ടി) എന്നിവരാണ് ഉണ്ടാവുക.

കിലോമീറ്ററുകൾ ഓടും, സർവിസ് മാത്രമില്ല

'ആരോഗ്യ കവച പദ്ധതി'ക്ക് കീഴിലുള്ള ആംബുലൻസുകൾ പലതും കിലോമീറ്ററുകൾ ഓടിയവയാണ്. എന്നാൽ, മിക്കതിനും കൃത്യമായ സർവിസ് നടത്തുന്നില്ല. ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമകെയർ സെന്‍ററിലെ ആംബുലൻസുകളുടെ സ്ഥിതിയും ഇതുതന്നെയാണ്. വാഹനങ്ങളൊന്നും കൃത്യമായി സർവിസിന് നൽകുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. അവസാന സർവിസിന് ശേഷം ഒരു ആംബുലൻസ് 20,000 കിലോമീറ്റർ ഓടിക്കഴിഞ്ഞു. എന്നാൽ ഇതുവരെ അടുത്ത സർവിസ് നടത്തിയിട്ടില്ല.

സാധാരണഗതിയിൽ ഓരോ 8,000 കിലോമീറ്ററിലും ഓയിൽ, എയർ-ഡീസൽ ഫിൽട്ടറുകൾ എന്നിവ മാറ്റേണ്ടതാണ്. ബംഗളൂരുവിൽ പദ്ധതിക്ക് കീഴിൽ ആകെ 89 ആംബുലൻസുകളാണുള്ളതെന്ന് കർണാടക രാജ്യ ആരോഗ്യ കവച സംഘം പ്രസിഡന്‍റ് ശ്രീഷെയിൽ അല്ലൂർ പറയുന്നു. എന്നാൽ 60 എണ്ണമാണ് നിലവിൽ സർവിസ് നടത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. കേടായ ടയറുകളാണ് മിക്കവയുടെയും പ്രധാന പ്രശ്നം.

ഗാരേജിൽ തുരുമ്പെടുത്ത് ആംബുലൻസുകൾ

സുമനഹള്ളിയിലെ ഗാരേജിൽ 10 ആംബുലൻസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇതിൽ ചിലത് അപകടങ്ങൾ ഉണ്ടായതിനുശേഷം കൊണ്ടുവന്നിട്ടതാണ്. മറ്റു ചിലതാകട്ടെ സാധാരണരീതിയിലുള്ള സർവിസിനായി കൊണ്ടുവന്നതും. ആറുമാസത്തോളമായി വാഹനങ്ങൾ ഇവിടെ കിടക്കുന്നുവെന്ന് ഗാരേജിന്റെ ഉടമ പറയുന്നു. മുമ്പ് ചെയ്ത പണികൾക്ക് ചെലവായ 12 ലക്ഷം രൂപ ഇതുവരെ അധികൃതർ നൽകിയിട്ടില്ലെന്നും ഇതിനാൽ ഇനി പണി നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറയുന്നു.

2016 മുതൽ പ്രതിസന്ധി

2016 ൽ ജീവനക്കാർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിയതോടെയാണ് 108 ആംബുലൻസ് മേഖലയിൽ ഉള്ള പ്രതിസന്ധി പുറത്തറിയുന്നത്. ഡ്രൈവർമാരുടെയും മറ്റു ജീവനക്കാരുടെയും ജി.വി.കെ ഇ.എം.ആർ.ഐയുമായുള്ള കരാർ കാലാവധി 2018ൽ അവസാനിച്ചതാണ്. എന്നാൽ, അടുത്ത ടെൻഡർ നടപടികൾക്ക് കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ ജീവനക്കാരോട് പദ്ധതിയിൽ തുടരാൻ സർക്കാർ ആവശ്യപ്പെട്ടു. അവസാനം സർക്കാർ ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാനായി ആരും തയാറായില്ല.

2008 ൽ സ്ഥാപിച്ചിരുന്ന പദ്ധതിയുടെ കാൾ സെന്‍ററിലെ കമ്പ്യൂട്ടറുകൾ 2016ൽ കൂട്ടമായി പണിമുടക്കി. ഇതോടെ സംസ്ഥാനത്താകമാനം ജനം പരിഭ്രാന്തിയിലായി. അടിയന്തര ഘട്ടത്തിൽ കാൾ സെന്‍ററിൽ വിളിച്ചാൽ ഉത്തരം കിട്ടാത്ത സ്ഥിതിയായി. പിന്നീട് നാലുമണിക്കൂറിനുശേഷമാണ് സേവനം പുനഃസ്ഥാപിക്കാനായത്.

ശമ്പളം മുടങ്ങി ജീവനക്കാർ

സംസ്ഥാനത്തിന്‍റെ ജനസംഖ്യയിൽ ആറു ശതമാനവും വസിക്കുന്നത് ബംഗളൂരുവിലാണ്. മറ്റിടങ്ങളിലെയും ആംബുലൻസുകളുടെ അവസ്ഥ സമാനമാണ്. പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കുന്ന നടപടികളും വൈകുകയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്നവരാണ് 108 ആംബുലൻസുകളെങ്കിലും ഇവയിലെ ജീവനക്കാർക്ക് ശമ്പളവും കൃത്യമായി ലഭിക്കുന്നില്ല.

രണ്ടും മൂന്നും മാസം ശമ്പളം കിട്ടാതാകുമ്പോൾ യൂനിയനുകൾ സമരത്തിനൊരുങ്ങുമ്പോൾ മാത്രം പണം നൽകുകയാണ് ചെയ്യുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. 12 മണിക്കുർ തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് വിശ്രമിക്കാൻ സൗകര്യം പോലും നൽകുന്നില്ല.

തങ്ങൾ സ്വകാര്യ കമ്പനികൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാനായി കരാർ നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. 9000 മുതൽ 12,000 രൂപ വരെയായിരുന്നു ഇവർക്കുള്ള ശമ്പളം. മൂന്നുവർഷമായി ഇൻക്രിമെന്‍റ് ഉണ്ടായിരുന്നില്ല. രണ്ട് മാസം മുമ്പ് എല്ലാം കൂടി ചേർത്ത് 45 ശതമാനം വർധനവുണ്ടായി. ഇപ്പോൾ 12 മണിക്കൂർ ഡ്യൂട്ടിയുള്ള ഡൈവർക്ക് (പൈലറ്റ്) 26,000 രൂപയും ഇ.എം.ടിക്ക് 27,000 രൂപയുമാണ് ലഭിക്കുന്നത്. എന്നാൽ ശമ്പളം എന്നുകിട്ടുമെന്ന് ഒരുറപ്പുമില്ല. 

Tags:    
News Summary - 108 ambulances are inefficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.