പനമരം: നിർമിതി കേന്ദ്രം റോഡരികിലെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾ കുറഞ്ഞതോടെ കെട്ടിടത്തിൽ കാർഷിക വിപണന കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ശക്തമായി. കാർഷിക വിപണന കേന്ദ്രത്തിനായാണ് കെട്ടിടം പണിതതെങ്കിലും പിന്നീട് അത് തുടങ്ങാതെ മറ്റു സ്ഥാപനങ്ങൾ തുടങ്ങുകയായിരുന്നു. പനമരത്തേയും ചുറ്റുവട്ടത്തേയും കർഷകരിൽനിന്നു ശേഖരിക്കുന്ന ഉൽപന്നങ്ങൾ കെട്ടിടത്തിലെ സ്റ്റാളുകളിൽ പ്രദർശിപ്പിച്ച് വിൽക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കർഷകർക്ക് ഉൽപന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. പച്ചക്കറിയും മറ്റും ന്യായ വിലക്ക് ഉപഭോക്താക്കൾക്ക് വാങ്ങാൻ വിപണന കേന്ദ്രം സഹായകമാകുമായിരുന്നു. ജില്ല പഞ്ചായത്തും പനമരം ഗ്രാമപഞ്ചായത്തും കെട്ടിടം പണിയാൻ പണം മുടക്കി. കൃഷിവകുപ്പിലെ ഉന്നതരാണ് കെട്ടിട നിർമാണത്തിന് നേതൃത്വം വഹിച്ചത്. കെട്ടിടം വന്നതിന് ശേഷം കാർഷിക വിപണന കേന്ദ്രത്തോട് അധികൃതർക്ക് താൽപര്യമില്ലാതായി. കുറച്ചുകാലം വെറുതെ കിടന്ന കെട്ടിടത്തിൽ പനമരം ബ്ലോക്ക് ഒാഫിസും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ത്രിവേണി മാർക്കറ്റും കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഒാഫിസുമാണുള്ളത്. വർഷാവർഷം നെൽകൃഷി വിളവെടുപ്പ് സമയത്ത് നെല്ല് സംഭരിക്കാൻ കെട്ടിടത്തിലെ ഒരു മുറി ഒഴിവാക്കിയിരുന്നു. ഇത്തവണ മുറി ഒരുക്കിക്കൊടുക്കാൻ അധികൃതർ തയാറാകാതിരുന്നത് കർഷകരുടെ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. കർഷകരുടെ പേരിൽ നിർമിച്ച കെട്ടിടത്തിൽ കർഷകർക്ക് ഉപകാരമുള്ള സംരംഭങ്ങൾ തുടങ്ങണമെന്ന് എഫ്.ആർ.എഫ് സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കെട്ടടിടത്തിന് മുന്നിൽ കർഷകരെ സംഘടിപ്പിച്ച് അടുത്ത ദിവസം സമരം നടത്തുമെന്നും ചാക്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.