നെല്ലാറച്ചാൽ വ്യൂ പോയന്റിലേക്ക് എത്തുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു
മേപ്പാടി: ക്രിസ്മസ് - പുതുവൽസര ഒഴിവ് ദിനങ്ങളിൽ വയനാടിന്റെ കുളിർമ്മയും തേയിലത്തോട്ടങ്ങളുടെ പച്ചപ്പും ആസ്വദിക്കാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്. തോട്ടം മേഖലയായ മേപ്പാടിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സഞ്ചാരികളുടെ നൂറു കണക്കിന് വാഹനങ്ങളാണ് ദിനേനെ എത്തുന്നത്.
ഇതു മൂലം അതിരൂക്ഷമായ വാഹന തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. സൂചിപ്പാറ, അട്ടമല, തൊള്ളായിരംകണ്ടി കണ്ണാടിപ്പാലങ്ങൾ, ചെമ്പ്ര പീക്ക്, കാന്തൻപാറ, കാരാപ്പുഴ, നെല്ലാറച്ചാൽ വ്യൂ പോയിന്റ് എന്നിവിടങ്ങൾ ലക്ഷ്യമാക്കിയാണ് സഞ്ചാരികൾ എത്തുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ കാറുകളിലും ട്രാവലറുകളിലുമൊക്കെയായി ഇവിടേക്കെത്തുന്നുണ്ട്. സൂചിപ്പാറയിൽ ദിവസം 500 പേർക്കു മാത്രമാണ് പ്രവേശനം. ഇതു കാരണം ടിക്കറ്റ് രാവിലെ 11 മണിയാകുമ്പോഴേക്കും കഴിയും.
പിന്നെ സഞ്ചാരികൾക്ക് മറ്റു കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. നെല്ലാറച്ചാൽ വ്യു പോയന്റിലേക്കും മുമ്പൊരിക്കലുമില്ലാത്ത വിധം തിരക്ക് പ്രകടമായി. കേന്ദ്രങ്ങൾ സന്ദർശിച്ച് അന്നു തന്നെ മടങ്ങുന്നവരും പ്രദേശത്തെ റിസോർട്ടുകളിൽ താമസിച്ച് പിറ്റേന്ന് മടങ്ങുന്നവരുമുണ്ട്. ഉരുൾ ദുരന്തത്തിനു ശേഷം മൂകതയിലായിരുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ഈ അവധിക്കാലം ഉണർവേകുന്നുണ്ട്. അതേസമയം, നിയന്ത്രണമില്ലാത്ത തരത്തിൽ റോഡുകളിലെവാഹനത്തിരക്ക് സാധാരണ ജന ജീവിതത്തെ ബാധിക്കുന്നുണ്ട്. പാതയോരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നത് ഭാവിയിൽ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നില നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.