മലപ്പുറം: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായുള്ള മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുള്ള വീടുകൾ ഫെബ്രുവരി 28ന് കൈമാറും. ആദ്യഘട്ടമായി 50ലധികം വീടുകളാണ് കൈമാറുകയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായുള്ള മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുള്ള 105 വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ആരംഭിച്ചത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നേരത്തേ വാങ്ങിയ 11 ഏക്കര്‍ സ്ഥലത്താണ് നിർമാണം പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തില്‍ നിർമിക്കുന്ന വീടുകള്‍ക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ശിലയിട്ടത്. ദുരന്തബാധിതരുടെ ആവശ്യ പ്രകാരമാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് നിർദിഷ്ട ഭവന പദ്ധതി.
2000 സ്‌ക്വയര്‍ഫീറ്റ് വീട് നിർമിക്കാനുള്ള അടിത്തറയോട് കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിർമിക്കുക. മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായി സ്ഥലമേറ്റെടുത്തത്. പദ്ധതി പ്രദേശത്തു നിന്ന് കല്‍പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ മുസ്‍ലിം ലീഗ് ഒരു മാസം കൊണ്ട് 40 കോടിയോളം രൂപയാണ് സമാഹരിച്ചത്. ആപ് വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ 36,08,11,688 രൂപ പിരിച്ചെടുത്തു. ഇതിനൊപ്പം 22 വീടുകൾക്കായി 15 ലക്ഷം രൂപ തോതിൽ 3.30 കോടി രൂപയും ലഭിച്ചു. 2,16,032 പേരാണ് സംഭാവന നൽകിയത്.
ലഭിച്ച തുകയിൽ 1,40,68,860 രൂപ ഇതിനോടകം ചെലവഴിച്ചു. നിലവിൽ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര സഹായം, 57 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം ദുരിതാശ്വാസം, വാഹനങ്ങൾ നഷ്ടമായവർക്കായി നാല് ജീപ്പ്, മൂന്ന് ഓട്ടോ, രണ്ട് സ്കൂട്ടർ എന്നിവയും വാങ്ങി നൽകി. ദുരന്തബാധിതരായ കുടുംബങ്ങളിലെ 48 പേർക്ക് കെ.എം.സി.സിയുടെ സഹായത്തോടെ വിദേശത്ത് ജോലിയും ലഭ്യമാക്കി.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടി മരിച്ച മാത്യു മാഷിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകി. ഇവിടെ വീട് നഷ്ടമായ 34 പേർക്ക് അടിയന്തര സഹായമായി 15,000 രൂപ വീതവും ലീഗ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.