പൂപ്പൊലി (ഫയൽ ചിത്രം)

വസന്തോത്സവത്തിനൊരുങ്ങി വയനാട്

അമ്പലവയൽ: അമ്പലവയലിലെ അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി’ വ്യാഴാഴ്ച മുതൽ തുടങ്ങും. കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായാണ് പൂപ്പൊലി നടത്തുന്നത്. മേളയുടെ ജില്ലതല ഉദ്ഘാടനം അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി രണ്ടിന് വൈകീട്ട് നാലിന് കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.

പട്ടികജാതി-വര്‍ഗ- പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍ കേളു മുഖ്യപ്രഭാഷണം നടത്തും. ജനുവരി 15 വരെയാണ് പൂപ്പൊലി അരങ്ങേറുക. മേളയുടെ പ്രവേശനോദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ നിര്‍വഹിക്കും. ജില്ലതല ഉദ്ഘാടനത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാവും.

കാര്‍ഷിക ശിൽപശാലയും സെമിനാറും

മലയോര മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങളും ആനുകാലിക പ്രസക്തമായ വിഷയങ്ങളും ഉള്‍പ്പെടുത്തി വിദഗ്ദ്ധ നയിക്കുന്ന കാര്‍ഷിക ശിൽപശാലകള്‍, സെമിനാറുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. നൂതന സാങ്കേതികവിദ്യ പരിചയപ്പെടല്‍, മികച്ചയിനം നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉൽപന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയും സജ്ജമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, അർധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷകര്‍ എന്നിവരുടെ സ്റ്റാളുകള്‍ മേളയിലൊരുക്കിയിട്ടുണ്ട്. പൂപ്പൊലിയുടെ ഭാഗമായി സായാഹ്നങ്ങളില്‍ ദീപാലങ്കാരങ്ങളും കലാപരിപാടികളും ഉണ്ടാവും.

പൂക്കളുടെ ഉദ്യാനം

വര്‍ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ, ആസ്റ്റര്‍, ഡയാന്തസ്, മാരിഗോള്‍ഡ്, സൂരയകാന്തി, സീനിയ, കോസ്‌മോസ്, ഫ്‌ലോക്‌സ്സ്, ലിലിയം, പാന്‍സി, സാല്‍വിയ, വെര്‍ബിന, ഗോംഫ്രീന, സ്റ്റോക്ക്, കലന്‍ഡുല, പൈറോസ്റ്റിജിയ തുടങ്ങിയ പുഷ്പങ്ങളും ഡ്രസീന, കാലിഷ്യ, സെബ്രീന, റിയോ, സെഡം തുടങ്ങിയ അലങ്കാര ചെടികളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

വിവിധ പുഷ്പാലങ്കാര മാതൃകകള്‍. ഫ്ലോറല്‍ ക്ലോക്ക്, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അലങ്കാരോദ്യാനം, ടോപ്പിയറികള്‍, ഫ്ലോട്ടിങ് ഗാര്‍ഡന്‍, മെലസ്റ്റോമ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പലതരം റൈഡുകളും പൂപ്പൊലിയിലുണ്ടാവും.

Tags:    
News Summary - Wayanad, Poopoli fair getting ready for Vasanthotsavam; Minister P. Prasad inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.