പൂക്കോട് തടാകത്തിലെത്തിയ സഞ്ചാരികൾ
വൈത്തിരി: ക്രിസ്മസ് അവധിക്ക് ജില്ലയിലെത്തിയത് ആയിരക്കണക്കിന് സഞ്ചാരികൾ. റോഡുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോർട്ടുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾകൊള്ളാവുന്നതിലുമധികം സന്ദർശകരാണെത്തിയത്.
പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ടിക്കറ്റ് കിട്ടാതെ സഞ്ചാരികൾ മടങ്ങി. മുത്തങ്ങ വന്യമൃഗ കേന്ദ്രത്തിൽ രാവിലെ അഞ്ചര മണിക്കെത്തിയവർക്കു പോലും ഉള്ളിൽ കടക്കാനായില്ല. ഏഴായിരത്തോളം സന്ദർശകരാണ് കഴിഞ്ഞ ഒറ്റ ദിവസം മാത്രം പൂക്കോട് തടാകത്തിലെത്തിയത്. കുറുവ ദ്വീപിൽ ടിക്കറ്റ് കിട്ടാനായി തലേന്ന് രാത്രി പായയിട്ടു കിടന്നവർ നിരവധി. അതും കാട്ടാനകൾ മേയുന്ന സ്ഥലത്ത്. കുറുവ ദ്വീപിൽ ഇരുവശത്തുമായി 499 പേർക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനാനുമതി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ജില്ലയിലെ മിക്കവാറും എല്ലാ റിസോർട്ടുകളും നിറഞ്ഞു. താമസ സൗകര്യം ലഭിക്കാതെ നിരവധി പേരാണ് അർധ രാത്രിയിലും കറങ്ങിയത്. പലരും കാറിൽ തന്നെ ഉറങ്ങി. ഈ വർഷം ഡിസംബറിൽ തണുപ്പ് കൂടുതലായതോടെ തണുപ്പ് ആസ്വദിക്കാൻ കൂടുതൽ വിനോദ സഞ്ചാരികളാണെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.