നാടിനു പ്രിയമാവാന്‍ പ്രീമിയര്‍ ലീഗ്

കല്‍പറ്റ: ചുരത്തിനുമുകളിലെ കാല്‍പന്തുപ്രേമികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബാളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ഇനി ഒരാഴ്ച മാത്രം. ഫെബ്രുവരി 19ന് കല്‍പറ്റ എസ്.കെ.എം.ജെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ പ്രഥമ പ്രീമിയര്‍ ലീഗിന് പന്തുരുളാനിരിക്കേ ഒരുക്കങ്ങള്‍ തകൃതിയാണ്. ജില്ല ഫുട്ബാള്‍ അസോസിയേഷന്‍െറ മേല്‍നോട്ടത്തില്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ പ്രമോഷന്‍ കൗണ്‍സിലാണ് ടൂര്‍ണമെന്‍റിന്‍െറ സംഘാടനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലയിലെ ഫുട്ബാളിന്‍െറ വളര്‍ച്ചയും പ്രചാരണവും ലക്ഷ്യമിട്ട്, വന്‍ താരനിരയെ അണിനിരത്തി ഐ.എസ്.എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് കളിക്കമ്പക്കാര്‍ നെഞ്ചോടു ചേര്‍ക്കുമെന്ന പ്രത്യാശയിലാണ് സംഘാടകര്‍. ഗാലറിയുടെ നിര്‍മാണം എസ്.കെ.എം.ജെ ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. മുഴുവനായും സ്റ്റീല്‍ ഗാലറി വയനാട്ടില്‍ ആദ്യമായാണ് സ്ഥാപിക്കുന്നതെന്ന് ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ പി. കബീര്‍ പറഞ്ഞു. മൈതാനം മത്സരത്തിന് സജ്ജമാക്കുന്ന പ്രവര്‍ത്തനമാണ് ഇനിയുള്ള ദിവസങ്ങളില്‍ പ്രധാനമായി നടക്കുന്നത്. ഫെബ്രുവരി 19ന് മുന്‍ രാജ്യാന്തര ഫുട്ബാളര്‍ ഷറഫലി അടക്കമുള്ള പ്രഗല്ഭരുടെ നിര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ അംഗീകാരമുള്ള സെവന്‍സ് ലീഗ് ടൂര്‍ണമെന്‍റായാണ് വയനാട് പ്രീമിയര്‍ ലീഗ് അരങ്ങേറുന്നത്. വയനാട്ടിലെ ഫുട്ബാള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ടൂര്‍ണമെന്‍റിനെ ഏറ്റെടുക്കുന്നതെന്ന് ടീമിനുവേണ്ടിയുള്ള അപേക്ഷകളുടെ ബാഹുല്യം തെളിയിക്കുന്നു. പത്തു ടീമുകള്‍ അനുവദിക്കുന്നതിലേക്ക് ഒരാഴ്ചക്കകം 40 അപേക്ഷകളാണ് ടൂര്‍ണമെന്‍റ് കമ്മിറ്റി മുമ്പാകെ എത്തിയത്. ജില്ല എ ഡിവിഷന്‍ ലീഗില്‍ സാന്നിധ്യമറിയിക്കുന്ന നോവ അരപ്പറ്റ, വയനാട് ഫാല്‍ക്കന്‍സ്, ഡൈന അമ്പലവയല്‍, ഡബ്ള്യു.എം.ഒ കോളജ്, ഫ്രണ്ട്ലൈന്‍ കുപ്പാടി, സ്പൈസസ് മുട്ടില്‍ എന്നിവക്കു പുറമേയാണ് പത്തു ടീമുകളെ ഉള്‍പ്പെടുത്തുന്നത്. മീനങ്ങാടി, പനമരം, പെരുങ്കോട, ചെമ്പോത്തറ, നെല്ലിമുണ്ട, മുണ്ടേരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പഞ്ചാരക്കൊല്ലി, കമ്പളക്കാട് തുടങ്ങി ഫുട്ബാളിന് വേരോട്ടമുള്ള സ്ഥലങ്ങളില്‍നിന്ന് ലഭിച്ച 40 അപേക്ഷകള്‍ പരിശോധിച്ച് ശനിയാഴ്ച ടീമുകളെ നിശ്ചയിക്കും. ടീമുകളുടെ ആരാധക പിന്തുണയും താരങ്ങളുടെ നിലവാരവും പരിചയസമ്പത്തുമൊക്കെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഓരോ ടീമിലേക്കുമുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. താരങ്ങള്‍ക്ക് അടിസ്ഥാന വിലയിട്ടുള്ള ലേലമാണ് നടക്കുക. എല്ലാ ടീമിലും വിദേശതാരങ്ങളുടെയും ഐ.എസ്.എല്‍ അടക്കമുള്ള ടൂര്‍ണമെന്‍റുകളില്‍ കളിച്ചുതെളിഞ്ഞ ആഭ്യന്തര താരങ്ങളുടെയും സാന്നിധ്യം വയനാട് പ്രീമിയര്‍ ലീഗിനെ വന്‍ വിജയമാക്കി മാറ്റുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. എം.ജെ. വിജയപദ്മനാണ് സംഘാടക അമിതി ചെയര്‍മാന്‍. കലങ്കോടന്‍ അബ്ദുല്ല, കൊട്ടാരം രാമസ്വാമി എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. പയന്തോത്ത് സഫറുല്ല, മുണ്ടോളി പോക്കു എന്നിവര്‍ ജോ. കണ്‍വീനര്‍മാരും നിയാസ് ട്രഷററുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.