ജില്ല പഞ്ചായത്ത് പ്രസിഡന്റായി ചന്ദ്രിക കൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നു
കല്‍പറ്റ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇനി പുതിയ നേതൃത്വം. വയനാട്ടില്‍ ത്രിതല പഞ്ചായത്ത് സാരഥികള്‍ അധികാരമേറ്റെടുത്തു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ശനിയാഴ്ച രാവിലെ 10.30ന് ഭരണസമിതി യോഗം ചേര്‍ന്ന് പ്രസിഡന്റുമാരെയും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു. ജില്ല പഞ്ചായത്തിനു പുറമേ നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലുമായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണനെയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
വൈത്തിരി ഡിവിഷന്‍ പ്രതിനിധിയാണ് മുട്ടില്‍ സ്വദേശിനിയായ ചന്ദ്രിക. കാലാവധി പൂര്‍ത്തിയായ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയും കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയുമാണ്. സി.പി.എം കോട്ടയിൽ നിന്നാണ് ചന്ദ്രിക കൃഷ്ണന്‍ ജില്ല പഞ്ചായത്തിലേക്ക് ജയിച്ചു കയറിയത്. വനിതക്ക് സംവരണം ചെയ്തതാണ് ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം. മേപ്പാടി ഡിവിഷനിൽ നിന്നുള്ള മുസ്‌ലിം ലീഗിലെ ടി. ഹംസയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് വൈത്തിരി ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം ചന്ദ്രിക കൃഷ്ണന്റെ പേര് മേപ്പാടി ഡിവിഷന്‍ മെംബര്‍ ടി. ഹംസയാണ് നിര്‍ദേശിച്ചത്. മീനങ്ങാടി ഡിവിഷന്‍ മെംബര്‍ ബീന വിജയന്‍ എല്‍ഡി.എഫ് സ്ഥാനാര്‍ഥിയായി. രണ്ടിനെതിരേ 15 വോട്ടിനായിരുന്നു ചന്ദ്രിക കൃഷ്ണന്റെ വിജയം. വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ടി. ഹംസയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. വരണാധികാരി സബ് കലക്ടര്‍ അതുല്‍ സാഗര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.