കൽപറ്റ: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫിൽ തർക്കം. മാനന്തവാടി നഗരസഭ ചെയർമാൻ സ്ഥാനവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പകുതി ടേം തങ്ങൾക്ക് നൽകണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കൽപറ്റ ഡി.സി.സി ഓഫിസിൽ ചേർന്ന യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗത്തിൽ മുസ് ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയാറായില്ല. ഇതോടെ ചർച്ചയിൽ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു.
ഇതുസംബന്ധിച്ച തീരുമാനം യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്ക് വിടാനാണ് തീരുമാനിച്ചത്. എന്നാൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധിയിൽ രണ്ടര വർഷം വീതം കോൺഗ്രസ് നേതാക്കൾ തന്നെ പ്രസിഡന്റാകുമെന്നാണ് നേതാക്കൾ പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടു പേരുടേയും പേരുകളും പുറത്തുവന്നിട്ടുണ്ട്.
മാനന്തവാടിയിലും മുസ് ലിം ലീഗ് ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അംഗീകരിക്കാൻ കോൺഗ്രസ് തയാറായിട്ടില്ല. മുസ് ലിം ലീഗിന് കൂടുതൽ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം തങ്ങൾക്കുകൂടി അർഹതപ്പെട്ടതാണെന്നാണ് പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.